കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് 4-ാം ദിവസവും വിവരമില്ല

0
142

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

അതേസമയം, വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അവധി. എന്നാല്‍, കാസ‍ർകോട്, കോഴിക്കോട് ജില്ലകളില്‍ കോളേജുകൾ പ്രവര്‍ത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. അതേസമയം, മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇടുക്കിയിൽ ദേവികുളം താലൂക്കിലെയും ചിന്നക്കനാൽ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here