കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്; വാങ്ങിയ അധിക തുക തിരിച്ചുനൽകും

0
150

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ വരുത്തിയ വൻ വർധനയിൽ സർക്കാർ കുറവു വരുത്തിയ സാഹചര്യത്തിൽ, ഇതുവരെ വാങ്ങിയ അധിക തുക തിരിച്ചുനൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ട്. അതിനാൽ, ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, അടച്ച അധിക തുക തിരിച്ചുനൽകും -മന്ത്രി വ്യക്തമാക്കി.

തുക തിരികെ ലഭിക്കുന്നതിനായി കെ സ്മാർട്ട് വഴിയും ഐ.എൽ.ജി.എം.എസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. പണം ഓൺലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ് -മന്ത്രി പറഞ്ഞു.

കെട്ടിട നിർമാണ പെർമിറ്റിന് നിലവിലെ ഫീസ് നിരക്കിൽ 60 ശതമാനം വരെയാണ് കുറവ് വരുത്തിയത്. 80 ചതുരശ്ര മീറ്റർ (861 ചതുരശ്ര അടി) വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. 81 ചതുരശ്ര മീറ്റർ മുതൽ 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയുന്ന വിധമാണ് പുതിയ നിരക്ക്.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള (1614 ചതുരശ്ര അടിവരെ) വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽനിന്ന് 25 രൂപയായി കുറയും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70ൽനിന്ന് 35 ആയും കോർപറേഷനിൽ 100ൽനിന്ന് 40 രൂപയായുമാണ് കുറയുക.

151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള (1625 ചതുരശ്ര അടി മുതൽ 3229 വരെ) വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്റർ 100 രൂപ എന്നതിൽനിന്ന് 50 ആയും, മുനിസിപ്പാലിറ്റികളിൽ 120ൽനിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽനിന്ന് 70 രൂപയായുമാണ് കുറയുക. 300 ചതുരശ്ര മീറ്റർ മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽനിന്ന് 100 രൂപയായി കുറക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here