കാസർഗോഡ് നിന്നു സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഓഫീസറുടെ യാത്രയയപ്പ് ചടങ്ങിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. പ്രിയപ്പെട്ട പൊലീസ് ഓഫീസറെ പുതുമണവാളനാക്കി ഇരുത്തി ഒപ്പന കളിച്ചാണ് സഹപ്രവർത്തകർ യാത്രയാക്കിയത്.
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 4 മാസം മുൻപ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയ കോഴിക്കോട് സ്വദേശിയായ എസ്എച്ച്ഒ എം.പി.ആസാദിൻ്റെ യാത്രയയപ്പ് ചടങ്ങിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടപ്പുറം റിസോർട്ടിലായിരുന്നു യാത്രയയപ്പ്.
എസ്എച്ച്ഒ എം.പി.ആസാദിനും, കാഞ്ഞങ്ങാട് നിന്നും സ്ഥലം മാറി പോകുന്ന ഡി.വൈ.എസ്.പി ലതീഷിനുമാണ് യാത്രയയപ്പ് ഒരുക്കിയത്. പരിപാടിക്കിടെ ഒപ്പന പാട്ട് ഉയർന്നതോടെ സഹപ്രവർത്തകരെല്ലാം ചേർന്ന് അദ്ദേഹത്തെ കസേരയിൽ പിടിച്ചിരുത്തി ചുറ്റും കൂടി. തലയിൽ തട്ടം കൂടി ധരിപ്പിച്ച് അസ്സലൊരു പുതുമണവാളനായതോടെ പിന്നെ നടന്നത് അതിഗംഭിരമായ നൃത്തചുവടുകളായിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൂടി ഒപ്പനയിൽ പങ്കാളികളായി.
ആവേശം അലതല്ലിയതോടെ, അത് വരെ കാഴ്ചക്കാരനായി അരികിലുണ്ടായിരുന്ന ഡി.വൈ.എസ്പിയും ചുവട് വെച്ചു. കേരള പൊലീസിൻ്റെ ഈ ഒപ്പനക്കളിയിപ്പോൾ വൈറൽ വീഡിയോയാണ്. ചക്കരകല്ല് സ്റ്റേഷനിലേക്കാണ് ആസാദ് സ്ഥലം മാറി പോയത്. പടന്നക്കാട് ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിയെയും,ജനങ്ങളുടെ ഉറക്കം കെടുത്തിയ നിരവധി കേസുകളിലെ പ്രതിയായ പിടിച്ചു പറിക്കാരനെ അടക്കം, നാല് മാസം കൊണ്ട് നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും കേസുകളിൽ തുമ്പുണ്ടാക്കിയ പൊലീസ് ഓഫീസറാണ് എം.പി. ആസാദ്.