കാസർകോട് സ്‌കൂൾ വരാന്തയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ തിരിച്ചറിഞ്ഞു

0
286

കാസർകോട്: ആദൂർ പഞ്ചിക്കല്ല് എ.യു.പി സ്‌കൂളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ അവിവാഹിതയാണെന്നാണ് വിവരം.

ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്‌കൂളിന്റെ സമീപപ്രദേശങ്ങളിൽ ഡോഗ്സ്‌ക്വാഡ്, വനിതാ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരടങ്ങിയ പൊലീസ് സംഘം തിങ്കളാഴ് രാവിലെ മുതൽ പരിശോധന നടത്തി. ഓരോ വീടും കയറിയിറങ്ങിയായിരുന്നു പരിശോധന.

പരിശോധനക്കിടെ പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ 32കാരിയെ കണ്ടെത്തുകയായിരുന്നു. വനിതാ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മാതാവ് താനാണെന്ന് യുവതി വെളിപ്പെടുത്തിയത്. തുടർന്ന് യുവതിയെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതൃത്വം ഉറപ്പിക്കുന്നതിന് ഡി.എൻ.എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം 32കാരിയായ യുവതി ഗർഭം ധരിച്ചത് ആരിൽ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. ഷിമോഗ സ്വദേശിയാണ് ഗർഭത്തിന് ഉത്തരവാദിയെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള പൊലീസ് ശ്രമം തുടരുകയാണ്.

ഇതിനിടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വയനാട് വനത്തിൽ ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് ജിഷയുടേതാണെന്ന സംശയം കർണാടക പൊലീസ് കേരള പൊലീസിനെ അറിയിച്ചിരുന്നു. അടുത്തിടെ കർണാടക വനാതിർത്തിയിലേക്ക് മാറിയ യുവതി പ്രസവിച്ചിരിക്കാമെന്നും പ്രസ്തുത കുഞ്ഞിനെയായിരിക്കും സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ചിരിക്കാൻ സാധ്യതയെന്നുമായിരുന്നു കർണാടക പൊലീസിന്റെ സംശയം. ഇതോടെയാണ് കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള അന്വേഷണം ആദൂർ പൊലീസ് ഊർജ്ജിതമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here