‘ഇമ്മാതിരി പൂച്ചക്കേസുമായി വരരുത്’; പൂച്ചയെ തട്ടിക്കൊണ്ടുപോയെന്ന കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

0
112

അയല്‍വാസിയുടെ പൂച്ചയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കേസെടുത്തതില്‍ കര്‍ണാടക പോലീസിനെ രൂക്ഷ വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ഇത്തരം ‘സമയംകൊല്ലി’ കേസുകളുമായി കോടതിയെ സമീപിക്കരുതെന്ന് താക്കീത് ചെയ്ത ജസ്റ്റിസ് എം നാഗപ്രസന്ന കേസ് സ്‌റ്റേ ചെയ്തു. പൂച്ചയെ തട്ടിക്കൊണ്ടുപോയത് പ്രതിയായി ആരോപിക്കുന്ന താഹ ഹുസ്സൈനാണെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഇല്ലാതെയാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സ്റ്റേ ചെയ്തത്.

ക്രിമിനൽ പ്രവർത്തനം നടത്തി, സമാധാനം തകർക്കാൻ ശ്രമിച്ചു, സ്ത്രീകൾക്കെതിരെ അതിക്രമണം നടത്തി എന്നീ വകുപ്പുകൾ ചേർത്താണ് താഹ ഹുസൈനെതിരെ പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമം 504, 506, 509 എന്നീ വകുപ്പുകൾ ചേർത്തായിരുന്നു കേസ്.

പൂച്ചയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെത്തുടർന്നാണ് ഈ വകുപ്പുകൾ ചേർത്ത് തനിക്കെതിരെ കേസെടുത്തതെന്നു താഹ ഹുസൈൻ കോടതിയെ അറിയിച്ചു. പൂച്ചയെ താഹ തട്ടിക്കൊണ്ടുപോയെന്ന് പോലീസ് എങ്ങനെയാണ് ഉറപ്പിച്ചതെന്ന് കോടതി ചോദിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൂച്ച താഹ ഹുസൈന്റെ വീട്ടിലുണ്ടെന്ന് പോലീസിനു മനസിലായതെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകന്റെ മറുപടി.

അതേസമയം, അടുത്തുള്ള വീടുകളുടെ ചുമരുകൾ കയറി അകത്തുപോകുന്ന ശീലമുണ്ട് തന്റെ പൂച്ചയ്‌ക്കെന്നും പരാതിക്കാരി പറയുന്നു. സിസിടിവിയിൽ പൂച്ചയെ താഹ ഹുസൈന്റെ വീട്ടിൽ കണ്ടു എന്നതുകൊണ്ട് അതൊരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ സാധിക്കില്ലെന്നും ഇത്തരം നടപടികൾ കോടതി അനുവദിക്കരുതെന്നും താഹയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിനുശേഷമാണു കോടതി കേസ് സ്റ്റേ ചെയ്യുന്നതായി അറിയിക്കുന്നത്.

”ഇത്തരം നിസ്സാരകാര്യങ്ങളിൽ കൂടുതൽ നടപടിക്രമങ്ങളിലേക്കു പോകുന്നത് നീതിന്യായസംവിധാനത്തെ തന്നെ ഭാവിയിൽ മോശമായി ബാധിക്കും. അതുതുകൊണ്ട് കേസിൽ മറ്റു നടപടിക്രമങ്ങൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണ്,” കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here