ഇന്ത്യാസഖ്യത്തിനൊപ്പം ചേരാന്‍ ജഗന്‍മോഹന്‍ റെഡ്ഡി; ആന്ധ്രയില്‍ കോണ്‍ഗ്രസിന് കരുത്താകും; ബിജെപിക്ക് തിരിച്ചടി

0
512

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യസംഖ്യത്തോട് അടുക്കുന്നു. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ പിതാവിന്റെ മരണശേഷം ഹൈക്കമാന്‍ഡുമായി തെറ്റിയാണ് കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

2014ലെ സംസ്ഥാന വിഭജനത്തിനു ശേഷം ഒരു എംഎല്‍എയോ എംപിയോ കോണ്‍ഗ്രസിന് ആന്ധ്രയില്‍നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ജഗന്റെ സഹോദരി വൈ.എസ്.ശര്‍മിളയെ പിസിസി അധ്യക്ഷയാക്കിയെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല.

ഇന്ത്യാസഖ്യത്തിന്റെ ക്ഷണത്തോടു ജഗനും അനുകൂലമായി പ്രതികരിച്ചതായാണു സൂചന. 4 ലോക്‌സഭാ സീറ്റും 11 രാജ്യസഭാ സീറ്റും ഉള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് എത്തുന്നത് സഖ്യത്തിനു കരുത്തുനല്‍കും. ഇതു ബിജെപിക്ക് കൂടുതല്‍ തിരിച്ചടിയാകും.

നേരത്തെ, വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഗുണ്ടൂരിലെ നഗരംപാലം പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ടിഡിപി എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുന്‍ എംപിയും നിലവിലെ ടിഡിപി എംഎല്‍എയുമായ രഘു രാമ കൃഷ്ണ രാജു ആണ് മുന്‍ ആന്ധ്ര മുഖ്യമന്ത്രിക്ക് എതിരെ പരാതി നല്‍കിയിരിക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയെ കൂടാതെ ഐപിഎസ് ഓഫീസര്‍ പി വി സുനില്‍ കുമാര്‍, മുന്‍ ഇന്റലിജന്‍സ് മേധാവിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ സീതാരാമഞ്ജനേയുലു എന്നിവര്‍ക്കെതിരെയും ടിഡിപി എംഎല്‍എയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2021 മെയ് 14 ന് ഗുണ്ടൂരില്‍ വെച്ച് തന്നെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ മര്‍ദിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതായി രഘു രാമ കൃഷ്ണ രാജു പരാതിയില്‍ ആരോപിക്കുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ജഗനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here