ട്രോളുകൾ നേരിട്ട് ഐപിഎസ് ട്രെയിനി അനു, ‘തന്‍റെ പിതാവ് പാവം കർഷകൻ, ഐപിഎസുകാരനല്ല’, നടക്കുന്നത് വ്യാജ പ്രചാരണം

0
138

സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കർക്ക് എതിരെ കടുത്ത നടപടികളാണ് യുപിഎസ്‍സി സ്വീകരിച്ചിട്ടുള്ളത്. ഐഎഎസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, പൂജക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്നതിനിടെ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ് ഐപിഎസ് ട്രെയിനി ഓഫീസറായ അനു ബെനിവാൾ.

ഗ്വാളിയോറിലെ മണൽ മാഫിയക്കെതിരായ നടപടികളുടെ പേരിൽ അടുത്തിടെ പ്രശംസിക്കപ്പെട്ട ട്രെയിനി ഐപിഎസ് ഓഫീസറാണ് അനു ബെനിവാൾ. എന്നാല്‍, ഒരു തെറ്റിദ്ധാരണ കാരണമാണ് അനുവിന് കടുത്ത ട്രോളുകളും ഭീഷണിയും നേരിടേണ്ടി വന്നിരിക്കുന്നത്. അനുവിന്‍റെ പിതാവ് ഐപിഎസ് ഓഫീസറാണെന്നുള്ള തെറ്റായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇതിനെല്ലാം കാരണമായത്.

ഇതോടെ പൂജ ഖേദ്ഖറിന്‍റെ കേസുമായി എല്ലാവരും താരതമ്യപ്പെടുത്താനും തുടങ്ങി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം എന്ന വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് അനുവും ഐപിഎസ് നേടിയതെന്ന തരത്തിലായി പ്രചാരണങ്ങള്‍. ഈ ആരോപണങ്ങള്‍ എല്ലാം അനു നിഷേധിച്ചു. 2012 ൽ മൊറേനയിൽ ഖനന മാഫിയ കൊലപ്പെടുത്തിയ ഐപിഎസ് ഓഫീസർ നരേന്ദ്ര കുമാറിന്‍റെ വിധിയാകും തനിക്കും നേരിടേണ്ടി വരികയെന്ന് അനു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ആരാണ് തന്നെക്കുറിച്ച് വ്യാജ പോസ്റ്റ് ഇട്ടതെന്ന് അറിയില്ല. പക്ഷേ അദ്ദേഹം ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ അപ്പോഴേക്കും സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയും തനിക്കെതിരെ ട്രോളുകള്‍ നിറയുകയും ചെയ്തു. രണ്ട് ഫോട്ടോകളുള്ള ഒരു സ്ക്രീൻഷോട്ട് ആണ് പ്രചരിപ്പിച്ചത്. അനുവിന്‍റെ ചിത്രത്തിനൊപ്പം 1989 ബാച്ച് ഐപിഎസ് ഓഫീസർ സഞ്ജയ് ബെനിവാളിനെ ആദരിക്കുന്ന ഫലകവുമാണ് പ്രചരിപ്പിച്ചത്. അനുവിന്‍റെ പിതാവാണ് സഞ്ജയ് ബെനിവാൾ എന്നായിരുന്നു ആരോപണം.

അനുവിന്‍റെ പിതാവിന്‍റെ പേരും സഞ്ജയ് ബെനിവാൾ എന്നാണ്. പക്ഷേ അദ്ദേഹം ഒരു കര്‍ഷകനാണ്. ദില്ലിയിലെ പിതാംപുര ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവരെല്ലാം. ആ ഗ്രാമത്തിലെ എല്ലാവരുടെയും പേരിനൊപ്പം ബെനിവാൾ എന്നുള്ളതാണ് ഇത്തരമൊരു പ്രചാരണം ഉണ്ടാകാൻ കാരണമായത്. ഈ ആരോപണങ്ങള്‍ വേദനാജനകമാണെന്ന് അനു പറഞ്ഞു. ഇത് ആരംഭിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്ന കാര്യം പരിഗണിക്കുന്നുണ്ട്. തന്നെ മാത്രമല്ലെന്നും പല ഉദ്യോഗസ്ഥരും ഇത്തരമൊരു സാഹചര്യം നേരിടുന്നുണ്ടെന്നും അനു കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here