എല്ലാ മോഡലിലേക്കും എ18 ചിപ്‌സെറ്റ്: നിർണായക മാറ്റവുമായി ഐഫോൺ 16 സീരീസ്

0
82

ന്യൂയോർക്ക്: ഓരോ വർഷവും പുറത്തിറക്കുന്ന ഐഫോണുകളിൽ വ്യത്യസ്ത ചിപ്പുകളാണ് ആപ്പിൾ പരീക്ഷിക്കാറ്. ഏറ്റവും പുതിയ ചിപ്‌സെറ്റ് പ്രോ മോഡലുകൾക്ക് നൽകുമ്പോൾ ബേസ് മോഡലുകൾക്ക് പഴയ ചിപ്‌സെറ്റാണ് നൽകാറ്. എന്നാൽ ഇതിന് മാറ്റം വരുത്താൻ പോകുകയാണ് കമ്പനി.

ഐഫോൺ 16 സീരിസിലെ എല്ലാ മോഡലുകൾക്കും ഒരേ ചിപ്‌സെറ്റാകും നൽകുക. ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും പുതിയ എ18 ചിപ്‌സെറ്റാണ് 16 പരമ്പരയിലെ എല്ലാ മോഡലുകളിലും വരിക.

മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി അഞ്ച് മോഡലുകളാണ് 2024ൽ ആപ്പിൾ അവതരിപ്പിക്കാൻ പോകുന്നത്. സെപ്തംബറിലാണ് പുതിയ മോഡലുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക. ഐഫോൺ എസ്.ഇയായിരിക്കും അഞ്ചാമത്തെ മോഡൽ. ഇതൊരുപക്ഷേ 2025 തുടക്കത്തിലാകും ലഭ്യമാക.ഐഫോൺ 14 അനുസ്മരിപ്പിക്കും വിധമായിരിക്കും എസ്.ഇയുടെ ഡിസൈൻ.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളിൽ എ16 ബയോണിക് ചിപ്‌സെറ്റാണ് ഉപയോഗിച്ചതെങ്കിൽ പ്രോ മോഡലുകളിൽ എ17 ചിപ്‌സെറ്റായിരുന്നു. ഇതാണ് ഇക്കുറി മാറി എല്ലാ മോഡലുകളിലേക്കും എ18 ചിപ്‌സെറ്റ് എത്തുന്നത്.

പ്രൊസസർ മാറ്റത്തിന് പുറമെ റാമിലും കാര്യമായ മാറ്റം ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ പ്രതീക്ഷിക്കാം. 6ജിബിയിൽ നിന്നും 8 ജിബിയായി റാം ഉയർന്നേക്കും. എ.ഐ ഉൾപ്പെടെ വൻ പരിഷ്‌കാരങ്ങളോടെയാണ് പുതിയ ഐ.ഒ.സിനെ ആപ്പിൾ അവതരിപ്പിച്ചത്. ആപ്പിള്‍ ഇന്റലിജന്‍സ് എന്നാണ് കമ്പനി എ.ഐയെ വിശേഷിപ്പിക്കുന്നത്. സാംസങ് അവതരിപ്പിച്ച എ.ഐയെ വെല്ലുംവിധമുള്ള ഫീച്ചറുകളാവുമെന്നാണ് പറയപ്പെടുന്നത്. ‘ഗ്യാലക്‌സി എ.ഐ’ എന്നാണ് സാംസങ് വിളിക്കുന്നത്. ആപ്പിളിന്റെ അടുത്ത വലിയ ചുവടുവെപ്പ് എന്നാണ് ആപ്പിൾ ഇന്റലിജൻസിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

എ.ഐയെ കൂടുതൽ വ്യക്തിപരമായ ഇന്റലിജൻസ് ആക്കി മാറ്റുകയാണ് ഇതിലൂടെയെന്നാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പറയുന്നത്. എന്നാൽ ആപ്പിൾ ഇന്റലിജൻസിലെ എല്ലാ ഫീച്ചറുകളും 16ലൈനപ്പിലെ മോഡലുകൾക്ക് ലഭിച്ചേക്കില്ല. മുന്തിയ ഫീച്ചറുകളൊക്കെ പ്രോ മോഡലുകളിൽ മാത്രം പരിമിതപ്പെടും. ആപ്പിൾ ഇവന്റിലെ ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തത വരൂ.

LEAVE A REPLY

Please enter your comment!
Please enter your name here