അര്‍ജുൻ രക്ഷാദൗത്യം: ഒടുവിൽ സൈനിക സഹായം തേടി കര്‍ണാടക സ‍ര്‍ക്കാര്‍, കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറി

0
98

തിരുവനന്തപുരം : മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുളള തെരച്ചിലിന് ഒടുവിൽ സൈന്യത്തെ വിളിച്ച് കര്‍ണാടക സര്‍ക്കാര്‍. കെ. സി വേണുഗോപാൽ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതനുസരിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറി. അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.

രക്ഷാ പ്രവത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന് അർജുന്റെ കുടുംബം ആവ‍ര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വാർത്ത കണ്ടും അല്ലാതെയും ആർമി ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നുമാണ് കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചിരുന്നത്. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്.

അർജുന് വേണ്ടിയുളള തെരച്ചിൽ മോശം കാലാവസ്ഥയെ തുട‍ര്‍ന്ന് ഇന്ന് വൈകിട്ടോടെ നിർത്തിവെച്ചിരിക്കുകയാണ്. നാളെ രാവിലെ 6.30 ന് പുനഃരാരംഭിക്കും. മഴ കനത്ത് പെയ്തതോടെ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തെരച്ചിൽ നിർത്തിയത്.

മണ്ണിടിഞ്ഞുവീണ റോഡിന്റെ റോഡിന്റെ നടുഭാഗത്ത് നിന്ന് വൈകിട്ടോടെ ഒരു സിഗ്നൽ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയിരുന്നത്. സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് പരിശോധന നടത്തുന്ന റഡാർ സംഘം. സി​ഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തിൽ രക്ഷാപ്രവ‍ര്‍ത്തനം നിര്‍ത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here