കാസർകോഡ്: ഈമാസം 14-ന് നടക്കുന്ന സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ ഇന്ത്യ മുന്നണി മാതൃകയിൽ മത്സരം. കഴിഞ്ഞപ്രാവശ്യം ബി.ജെ.പി. ഭരണം പിടിച്ചെടുത്ത കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലാണ് പരീക്ഷണം.
ഭരണം തിരിച്ചുപിടിക്കാൻ ‘സേവ് സഹകാരി കൂട്ടായ്മ’ എന്നപേരിലാണ് ബി.ജെ.പി.ക്കെതിരേ മറ്റുകക്ഷികൾ മത്സരരംഗത്തുള്ളത്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം., ജനതാദൾ എന്നീ കക്ഷികളുടെ 11 അംഗ നോമിനികളാണ് സഹകാരി കൂട്ടായ്മയുടെ ഭാഗമായി മത്സരരംഗത്തുള്ളത്.
1952 ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് നിലവിൽവന്നത്. 2013-ന് ശേഷമായിരുന്നു ബാങ്കിൽ രാഷ്ട്രീയ ചേരിതിരിവോടെയുള്ള മത്സരം ആരംഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരുവിഭാഗം ബി.ജെ.പി.യുമായി ചേർന്ന് മത്സരിച്ചത് ബി.ജെ.പി.ക്ക് ഭരണം ലഭിക്കുന്ന അവസ്ഥയുണ്ടായതായി പറയുന്നു. ഇത് യു.ഡി.എഫിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.