തിരുവനന്തപുരം: സ്കൂൾ കോളേജ് വിദ്യാർഥികൾ വാഹനങ്ങളിൽ നടത്തുന്ന സാഹസിക പ്രകടനത്തിന്‍റെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം സാഹസിക പ്രകടനങ്ങൾക്ക് പൂട്ടിടാൻ തീരുമാനിച്ച് മനുഷ്യാവകാശ കമ്മീഷൻ. സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർഥികളുടെ വാഹനങ്ങളിലെ സാഹസിക പ്രകടനത്തിൽ കടുത്ത നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
മറ്റുള്ളവരുടെ ജീവനെടുക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഉത്തരവുണ്ട്. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മനുഷ്യാവകാശ പ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.