ഹൊസങ്കടി ടൗണിൽ ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്നു

0
165

മഞ്ചേശ്വരം : ഹൊസങ്കടി ടൗണിൽ നിർമാണം പൂർത്തിയായ സർവീസ് റോഡിൽ വിള്ളൽ. ടൗണിൽ പുതുതായി നിർമിച്ച പാലത്തിന് സമീപത്താണ് റോഡിന്റെ മധ്യഭാഗത്തായി വിള്ളൽ രൂപപ്പെട്ടത്.

ഈഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്. മഞ്ചേശ്വരം ഭാഗത്തുനിന്ന്‌ ഹൊസങ്കടി കാസർകോട് ഭാഗത്തേക്ക് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് വിള്ളൽവീണിരിക്കുന്നത്. ദീർഘദൂര വാഹനങ്ങളും മറ്റും ടൗണിൽ അടിപ്പാതയിലൂടെയാണ് കടന്നുപോകുന്നത്.

കഴിഞ്ഞ മഴക്കാലത്തും ഈഭാഗത്ത് റോഡിന്റെ അരിക് മണ്ണിടിഞ്ഞിരുന്നു. ഇതുമൂലം ഏറെനാൾ റോഡ് നിർമാണം തടസ്സപ്പെട്ടിരുന്നു. തുടർന്ന് വി.ഒ.പി.ക്ക് സമീപത്തുനിന്ന്‌ ഏതാനും മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഭിത്തി കെട്ടി ഉയർത്തിയാണ് റോഡ് നിർമിച്ചത്. ബാക്കി ഭാഗത്ത് സംരക്ഷണ ഭിത്തിയില്ല, പകരം സിമൻറ്‌ പൂശുകയാണ് ചെയ്തത്.

ഇവിടെയാണ് ഇപ്പോൾ സർവീസ് റോഡിന്റെ ഉപരിതലം താഴ്ന്ന് വിള്ളൽവീണിരിക്കുന്നത്. മണ്ണിടിച്ചിലുണ്ടായാൽ മുകളിൽ സ്ഥാപിച്ച സംരക്ഷണഭിത്തിയടക്കം അടിവശത്തുകൂടി പോകുന്ന പ്രധാന റോഡിലേക്ക് വീഴും. വിവരമറിഞ്ഞ് ദേശീയപാതാ നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി മണ്ണിടിഞ്ഞ് താഴ്ന്നഭാഗത്ത് കരിങ്കൽ ചീളുകൾ നിരത്തിയിരിക്കുകയാണ്.

അപകടാവസ്ഥയിലായ ഭാഗത്ത് വാഹനങ്ങൾ കടന്നുപോകുന്നതൊഴിവാക്കാൻ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ വ്യാപാരികളും യാത്രക്കാരും ആശങ്കയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here