കനത്ത മഴ: മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0
293

കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 30) ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പി.എസ്‌.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല.

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെന്‍റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 30.07.2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.

നെല്ലിയാമ്പതിയിലേക്ക് ഇന്നു മുതൽ രാത്രിയാത്രാനിരോധനം

കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) 29.07.2024 മുതൽ 02.08.2024 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് പരക്കെ മഴയാണ്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോടും വയനാടും തീവ്രമഴയാണ് ലഭിച്ചത്. ചാലിപ്പുഴയിലെ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ചെമ്പ്കടവ് പാലം അടച്ചു. കനത്ത മഴയെതുടര്‍ന്ന് വയനാട്ടിലെ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി. മേപ്പാടി പഞ്ചായത്തിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തുഷാരഗിരി, നൂറാംതോട് മലയില്‍ ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ കാരണം.

തിരുവമ്പാടി മുത്തന്‍പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അരിപ്പാറ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുകയാണ്. മരുതോങ്കര ടൗണില്‍ വൈദ്യുതി കമ്പിയിലേയ്ക്ക് തെങ്ങ് വീണ് തീപിടിച്ചു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. മേപ്പാടി മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴയെതുടര്‍ന്ന് വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പുത്തുമല, മുണ്ടക്കൈ യുപി സ്കൂളുകള്‍ എന്നിവയ്ക്ക് ഇന്ന് അവധി നല്‍കി. മേപ്പാടി പഞ്ചായത്തിലെ സാഹസിക വിനോദ സ‍ഞ്ചാരം നിരോധിച്ചു. കണ്ണൂര്‍ ഇരിട്ടി കൂട്ടുപുഴ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തു‍ടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. തൃശൂര്‍ പീച്ചി ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here