ബുലന്ദ്ഷഹർ: വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരന് ദാരുണാന്ത്യം. 26-കാരനായ പ്രവേഷ് കുമാറാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ദിബായ് ഏരിയയിലെ അകർബാസ് ഗ്രാമത്തിലായിരുന്നു സംഭവം. അയൽ ഗ്രാമത്തിലുള്ള, വധുവിന്റെ വീട്ടിലെ ചടങ്ങുകൾക്കായി പോവുകായിരുന്നു സംഘം. ഇതിനിടെ മൂത്രമൊഴിക്കാനായി പ്രവേഷ് കുമാര്‍ വാഹനം നിർത്തി പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് പ്രവേഷ് കുമാര്‍ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച പുലർച്ചെയാണ് പ്രവേഷിന്‍റെ മരണം സ്ഥിരീകരിച്ചതെന്ന് പ്രവേഷിൻ്റെ സഹോദരി പൂനം പറഞ്ഞു. പാമ്പ് കടിയേറ്റാൽ ആളുകൾ പരിഭ്രാന്തരാകാതെ രോഗിയെ എത്രയുംവേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ദിബായിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. “ആൻ്റി വെനം വാക്‌സിനും മറ്റ് മരുന്നുകളും സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. മഴക്കാലത്ത് ആളുകൾ ജാഗ്രത പാലിക്കണം,” ദിബായ് സിഎച്ച്സി മെഡിക്കൽ സൂപ്രണ്ട് ഡോ ഹേമന്ത് ഗിരി പറഞ്ഞു. ബുലന്ദ്ഷഹർ ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. കഴിഞ്ഞയാഴ്ച ആദ്യം ബുലന്ദ്ഷഹറിലെ ഛത്താരി പ്രദേശത്ത് വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് വൃദ്ധയും പേരക്കുട്ടിയും മരിച്ചിരുന്നു.