കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ച് സര്‍ക്കാര്‍; 60% വരെ കുറയും

0
80

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം. 60 ശതമാനം വരെയാണ് നിരക്കുകളിലുണ്ടാകുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.

300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ ഒന്നിന് മുൻപ് താമസം മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു അന്ന്. എന്നാൽ, 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും. കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തയ്യാറാവുന്നതെന്ന് മന്ത്രി അറിയിച്ചു.

നികുതി റിബേറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം, അതായത് ഏപ്രിൽ 30-നകം ഒടുക്കുകയാണെങ്കിൽ 5% റിബേറ്റ് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നത്.

തനതു വരുമാനം എന്തിന് കൂട്ടണം?

നാമമാത്രമായ പെർമിറ്റ് ഫീസായിരുന്നു മുൻപുണ്ടായിരുന്നത്. കാലാനുസൃതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനമെടുത്തത്. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമ്മിഷന്റെ നിബന്ധനയാണ്.

ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമ്മിഷൻ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമ്മിഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പോലുള്ള മഹാമാരികൾ തുടങ്ങിയവ മൂലമുള്ള അധികച്ചെലവും വരുമാന ശോഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തികമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക അനിവാര്യമാണ്. ഈ വസ്തുതകളുടെയും നിർദേശങ്ങളുടെയും നഗരസഭകളുടെ ആവശ്യത്തിന്റെയും ഭാഗമായാണ് സർക്കാർ തനതുവരുമാനം വർധിപ്പിക്കാനുള്ള വിവിധ നടപടികളിലേക്ക് കടന്നത്.

പെർമിറ്റ് ഫീസ് ആർക്ക് ?

പെർമിറ്റ് ഫീസായി ലഭിക്കുന്ന പണത്തിൽ നിന്ന് ഒരു രൂപ പോലും സർക്കാരിന് ലഭിക്കുന്നില്ല. ഇത് പൂർണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് ഇത് ചെലവഴിക്കുന്നത്. പുതുക്കിയ പെർമിറ്റ് ഫീസ് വഴിയുള്ള തനതുവരുമാനവർധനവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 177.9 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇത് പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് പൂർണമായും വിനിയോഗിച്ചത്. അങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനത്തിലെ വർധന, ആത്യന്തികമായി ജനങ്ങളുടെ പശ്ചാത്തല സൗകര്യവും ക്ഷേമവും വർധിക്കുന്നതിനാണ് പ്രയോജനപ്പെട്ടത്.

കാലോചിതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കണമെന്നത് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആവശ്യമായിരുന്നു. കാരണം, പല സ്ഥാപനങ്ങൾക്കും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കാൻ സർക്കാർ ഗ്യാപ് ഫണ്ട് നൽകേണ്ടിവന്നിരുന്നു. വിവിധ നടപടികളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതിലൂടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം 2022-23 ലെ 68ൽ നിന്ന് 2023-24ൽ 45 ആയി കുറഞ്ഞു. മുൻസിപ്പാലിറ്റികളുടെ എണ്ണം 10 ൽ നിന്ന് ആറ് ആയിട്ടാണ് കുറഞ്ഞത്.

സെൽഫ് സർട്ടിഫൈഡ് പെർമിറ്റ്

പെർമിറ്റുകൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. ഇതിന് മാറ്റം വന്നിട്ടുണ്ട്. നഗരങ്ങളിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക് കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ തത്സമയം പെർമിറ്റ് നൽകാൻ കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ സംവിധാനമൊരുക്കി. ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിൽ ഈ സൗകര്യം ലഭ്യമാക്കി. കെ സ്മാർട്ടിലൂടെ കഴിഞ്ഞ ആറ് മാസം കൊണ്ടുമാത്രം 8807 പെർമ്മിറ്റുകളാണ് മിനുട്ടുകൾക്കകം ഇങ്ങനെ സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നൽകിയത്.

നിർമാണ മേഖലയ്ക്ക് തിരിച്ചടിയായോ?

പെർമിറ്റ് ഫീസ് പരിഷ്കരിച്ചത് നിർമാണ മേഖലയെ ഒരു തരത്തിലും ദോഷകരമായി ബാധിച്ചിട്ടില്ലെന്നും കണക്കുകളിൽ നിന്ന് വ്യക്തമാണെന്ന് മന്ത്രി വ്യക്തമാക്കി. 2022-23ൽ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് അനുവദിച്ച പെർമിറ്റുകൾ 3,28,518 ആയിരുന്നെങ്കിൽ 2023-24ൽ ഇത് 3,59,331 ആയി വർധിക്കുകയായിരുന്നു. 30,813 പെർമ്മിറ്റുകൾ അഥവാ 9.37 % വർധനവാണ് എണ്ണത്തിലുണ്ടായത്. നഗരങ്ങളിലെ പെർമിറ്റുകൾ ഒരു സാമ്പത്തിക വർഷം കൊണ്ട് 20,311ൽ നിന്ന് 40,401 ആയി വർധിച്ചു.

നികുതി വർധനവും കാരണവും ഇളവുകളും

അഞ്ച് വർഷം കൂടുമ്പോൾ 25 ശതമാനം വസ്തുനികുതി വർധിപ്പിക്കണമെന്നത് ധനകാര്യ കമ്മിഷന്റെ ശുപാർശയും നേരത്തെ ആക്ടിലുണ്ടായിരുന്ന വ്യവസ്ഥയുമാണ്. വരുമാനത്തിൽ വർധനവില്ലെങ്കിൽ സംഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മുകളിൽ പറഞ്ഞിട്ടുണ്ട്. ഈ വർധന ഒഴിവാക്കാനാവാത്തതാണ്. 2018 ഏപ്രിലിൽ നടപ്പാക്കേണ്ടിയിരുന്ന നികുതി പരിഷ്കരണം കോവിഡും രണ്ട് പ്രളയങ്ങളും മൂലം മാറ്റിവെച്ച് 2023-ലാണ് സർക്കാർ നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here