ബെംഗളൂരു എന്നും ‘പീക്കാ’ണ്. തിരക്കില്‍ നിന്നും തിരക്കിലേക്കാണ് നഗരം നീങ്ങുന്നത്. എല്ലായിടത്തും തിരക്കോട് തിരക്ക്. റോഡായ റോഡുകളില്‍ വാഹനങ്ങള്‍ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാനാകാതെ നില്‍ക്കുന്നു. ‘പീക്ക് ബെംഗളൂരു’ എന്ന വിശേഷണം തന്നെ അങ്ങനെ ഉണ്ടായതാണ്. നിരവധി തവണ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ബെംഗളൂരുവിന്‍റെ പീക്ക് അവസ്ഥകളെ കുറിച്ച് എഴുതിയിട്ടുണ്ട്. 10 കിലോമീറ്റര്‍ യാത്രയ്ക്ക് ആറ് മണിക്കൂര് വരെ സമയമെടുക്കുന്നുവെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പരിതപിച്ചത് ഏറെ വൈറലായിരുന്നു. ബെംഗളൂരുവിലെ തിരക്കിന്‍റെ മറ്റൊരു മുഖം സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് കാണിച്ച് തരികയാണ് പുതിയ സമൂഹ മാധ്യമ പോസ്റ്റ്.
ബ്രിഗേഡ് മെട്രോപോളിസിൽ നിന്ന് കെആർ പുരം റെയിൽവേ സ്റ്റേഷനിലേക്ക് ഡ്രൈവ് ചെയ്യാൻ എടുക്കുന്ന സമയവും നടക്കാൻ എടുക്കുന്ന സമയവും കാണിക്കുന്ന ഗൂഗിള്‍ മാപ്പിന്‍റെ സ്‌ക്രീൻഷോട്ട് എക്സില്‍ പങ്കുവച്ച് കൊണ്ട് ആയുഷ് സിംഗ് ഇങ്ങനെ കുറിച്ചു, ‘ബാംഗ്ലൂരിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്.’ ആയുഷ് പങ്കുവച്ച സ്ക്രീന്‍ ഷോട്ടില്‍, ബ്രിഗേഡ് മെട്രോപോളിസിൽ നിന്ന് കെആർ പുരം റെയിൽവേ സ്റ്റേഷനിന്‍ വരെയുള്ള ഏകദേശം 6 കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്യാൻ ഒരു കാറിന് 44 മിനിറ്റ് നേരം എടുക്കുമ്പോള്‍ നീട്ടി വലിച്ച് നടന്നാല്‍ വെറും 42 മിനിറ്റ് കൊണ്ട് സ്ഥലത്തെത്തി ചേരാമെന്ന് വ്യക്തമാക്കുന്നു. ആയുഷിന്‍റെ കുറിപ്പ് ഇതിനകം ആറ് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു.
This happens only in Bangalore pic.twitter.com/MQlCP7DsU7
— Ayush Singh (@imabhinashS) July 25, 2024
ഏതാണ്ട് എല്ലാ കാഴ്ചക്കാരും ആയുഷിന്‍റെ അഭിപ്രായത്തോട് യോജിച്ചു. എന്നാല്‍, ‘ബെംഗളൂരുവില്‍ മാത്രം’ എന്ന് എഴുതിയതിനെ ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ എതിര്‍ത്തു. ‘ലോകത്തിലെ പല മെട്രോ നഗരങ്ങളിലും ഒരേ കഥ’ ആണെന്ന് ഒരു കാഴ്ചക്കാരനെഴുതിയപ്പോള്‍ ‘പീക്ക് സമയത്ത് മുംബൈയിലും ദില്ലിയിലും ഇതേ അവസ്ഥയാണ്,’ യാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു. 2023-ൽ ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ബാധിത നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ നഗരങ്ങളിൽ ഒന്ന് ബെംഗളൂരു നഗരമാണ്. അതേ വർഷം തന്നെ, ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായും ബെംഗളൂരു തെരഞ്ഞെടുക്കപ്പെട്ടു. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, മോശം ആസൂത്രണം, പരിമിതമായ പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവ തിരക്കേറിയ സമയങ്ങളിൽ നഗരത്തിലെ റോഡുകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുന്നു.