റെക്കോര്‍‍‍ഡ് തുകയ്ക്ക് ഐപിഎല്‍ ടീമിനെ ഏറ്റെടുക്കാന്‍ ഗൗതം ആദാനി, സ്വന്തമാക്കുക ഗുജറാത്ത് ടൈറ്റൻസിനെ

0
130

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തമാക്കാന്‍ ഗൗതം അദാനി. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നിലവിലെ ഉടമകളായ സിവിസി ഗ്രൂപ്പുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചർച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 8300 കോടി രൂപയുടെ കരാറിനാണ് നീക്കം. ഗുജറാത്ത് ടൈറ്റന്‍സിലെ ഭൂരിഭാഗം ഓഹരികളും സിവിസി ഗ്രൂപ്പ് കൈമാറും. നാമമാത്ര ഓഹരികള്‍ മാത്രമായിരിക്കും സിവിസി ഗ്രൂപ്പ് കൈവശം വെക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷം മുമ്പാണ് സിവിസി ഗ്രൂപ്പ് ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തമാക്കിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബിസിസിഐയുടെ ലോക്കിംഗ് പിരീയഡ് കഴിഞ്ഞതിനുശേഷമായിരിക്കും ടീമിന്‍റെ വില്‍പന നടക്കുക എന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ 5625 കോടി രൂപ മുടക്കിയാണ് സിവിസി ഗ്രൂപ്പ് ഗുജറാത്ത് ടീമിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടീമിനായുള്ള ബിഡ്ഡിംഗില്‍ അദാനിയും പങ്കെടുത്തിരുന്നെങ്കിലും ടീമിനെ സ്വന്തമാക്കാനായിരുന്നില്ല.

നിലവില്‍ പതിനായിരം കോടി മുതല്‍ 15000 കോടി വരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മൂല്യമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗൗതം അദാനിക്ക് പുറമെ ടോറന്‍റ് ഗ്രൂപ്പും ഗുജറാത്ത് ടൈറ്റന്‍സില്‍ നിക്ഷേപം നടത്താന്‍ രംഗത്തുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലും യുഎഇ ഇന്‍റര്‍ നാഷണല്‍ ലീഗിലും ഗൗതം അദാനിക്ക് ടീമുകളുണ്ട്. വനിതാ ഐപിഎല്ലില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ 1289 കോടി രൂപക്കാണ് അദാനി സ്വന്തമാക്കിയത്.

അടുത്ത തവണ ഐപിഎല്‍ സംപ്രേഷണവകാശം വില്‍ക്കുന്നതോടെ ഗുജറാത്ത് ടീം ലാഭത്തിലാകുമെന്ന് ടീം സഒഒ അര്‍വിന്ദര്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ ടീമുകളെല്ലാം ലാഭത്തിലാകാന്‍ നാലോ അഞ്ചോ വര്‍ഷമെടുത്തിട്ടുണ്ടെന്നും അര്‍വിന്ദര്‍ സിംഗ് വ്യക്തമാക്കിയിിരുന്നു. ആദ്യ സീസണില്‍ തന്നെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കിരീടം നേടി ഗുജറാത്ത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. രണ്ടാം സീസണില്‍ ടീം ഫൈനലിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here