വരുന്നു നാലാം വന്ദേഭാരത്, കോഴിക്കോടേക്ക് ഒരു മാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങും

0
141

കോഴിക്കോട്: എറണാകുളം – ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് ജൂലായ് 31ന് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ച് ട്രെയിനില്‍ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റ് പോകുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ 12 മൊത്തം സര്‍വീസുകള്‍ നടത്തുക. ലാഭകരമാണെങ്കില്‍ സര്‍വീസ് സ്ഥിരമാക്കുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇപ്പോഴിതാ സംസ്ഥാനത്തേക്ക് മറ്റൊരു വന്ദേഭാരത് കൂടി സര്‍വീസ് ആരംഭിക്കാനിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഗോവയില്‍ നിന്ന് കോഴിക്കോടേക്ക് ആണ് നാലാം വന്ദേഭാരത് പ്രത്യേക സര്‍വീസ് നടത്തുക. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണെന്ന് പി.ടി ഉഷ എംപി ആണ് അറിയിച്ചത്. നിലവില്‍ ഗോവ – മംഗളൂരു സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിന്‍ കോഴിക്കോടേക്ക് നീട്ടാനാണ് ആലോചിക്കുന്നത്.

ഗോവ – മംഗളൂരു സര്‍വീസ് ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. മിക്കവാറും ദിവസങ്ങളില്‍ പകുതിയിലധികം സീറ്റുകള്‍ കാലിയായിട്ടാണ് സര്‍വീസ്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സര്‍വീസ് കോഴിക്കോടേക്ക് നീട്ടണമെന്ന ആവശ്യം ഉണ്ടായിരുന്നു.

ഗോവ – മംഗളൂരു വന്ദേഭാരത് കോഴിക്കോട് വരെ നീട്ടുന്ന കാര്യത്തില്‍ റെയില്‍വേ അനുകൂല തീരുമാനത്തിലാണ്. അടുത്ത മാസത്തോടെ സര്‍വീസ് യാഥാര്‍ത്ഥ്യമാകും. വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചയില്‍ എംപിയെ അറിയിച്ചു.

ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവുമായി ഗോവന്‍ മലയാളി സമൂഹം പി.ടി. ഉഷ എംപിയെ സമീപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി എംപി കൂടിക്കാഴ്ച നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here