വ്ലോഗർ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു? എഡിറ്റ് ചെയ്ത വീഡിയോക്ക് വ്യാപക പ്രചാരം; പക്ഷേ യാഥാർത്ഥ്യം മറ്റൊന്ന്

0
143

സഹ്യപര്‍വ്വത പ്രദേശങ്ങളില്‍ മഴ ശക്തമായതിന് പിന്നാലെ മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇവയുടെ സൌന്ദര്യം പകര്‍ത്താനും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനുമായി നിരവധി വ്ലോഗര്‍മാരാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാല്‍, മഴ പെയ്ത് പാറക്കെട്ടിലൂടെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ പലതും അപകടം പതിയിരിക്കുന്ന ഇടങ്ങളാണ്. ഇത്തവണത്തെ മണ്‍സൂണിനിടെ ഇതിനകം നിരവധി പേരാണ് ഇത്തരത്തില്‍ വെള്ളച്ചാട്ടങ്ങളില്‍ വീണ് മരിച്ചത്. ട്രാവൽ വ്ലോഗറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ മുംബൈ സ്വദേശിനി ആൻവി കാംദാർ (27) മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിലേക്ക് 300 അടി ഉയരത്തില്‍ നിന്നും വീണ് മരിച്ചത് വലിയ തോതിലുള്ള ചര്‍ച്ചയ്ക്കാണ് സമൂഹ മാധ്യമങ്ങളില്‍ തുടക്കം കുറിച്ചത്. ഇതിനിടെ ഒരു പഴയ വീഡിയോയിലെ മറ്റൊരു വ്ളോഗറും വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചെന്ന രീതിയില്‍ പ്രചരിക്കപ്പെട്ടു.

ആകാശ് സാഗർ എന്ന യുവ യൂട്യൂബർ വെള്ളച്ചാട്ടത്തില്‍ വീഴുന്ന വീഡിയോയായിരുന്നു അത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളില്‍ പാറപ്പുറത്ത് നിന്നും കാല്‍തെറ്റി, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക് വീഴുന്ന ആകാശ് സാഗറിനെ കാണാം. നിമിഷ നേരത്തിനുള്ളില്‍ ഇയാള്‍ പതഞ്ഞൊഴുകുന്ന വെള്ളത്തില്‍ അപ്രത്യക്ഷനാകുന്നു. റീലുകൾ നിർമ്മിക്കുന്നതിനിടയിൽ ആകാശ് സാഗറിന് ജീവൻ നഷ്ടപ്പെട്ടുവെന്ന കുറിപ്പോടെ ഒരു വിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോ ക്ലിപ്പ് വീണ്ടും പങ്കിട്ടു. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതും. എന്നാല്‍ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഭയം സൃഷ്ടിച്ച് കൂടുതല്‍ കാഴ്ചക്കാരെ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമായിരുന്നു അതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ തന്നെ വ്യക്തമാക്കുന്നു.

2023 ഒക്ടോബറിലാണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു യുട്യൂബ് വീഡിയോ സൃഷ്ടിക്കുന്നതിനിടയിൽ ആകാശ് സാഗർ ബാലൻസ് നഷ്ടപ്പെട്ട് വെള്ളത്തിൽ വീഴുകയായിരുന്നു. എന്നാല്‍, ആ കുത്തൊഴുക്കില്‍ നിന്നും ആകാശ് അത്ഭുതകരമായി രക്ഷപ്പെടുന്നത് പ്രചരിക്കപ്പെടുന്ന വീഡിയോകളില്ല. വെള്ളത്തിലേക്ക് വീണ ആകാശിനെ താഴെ നിന്നിരുന്ന സുഹൃത്ത് കൈപിടിച്ച് രക്ഷിക്കുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ വീഡിയോ അവസാനിക്കുന്നത്. ഈ യഥാർത്ഥ വീഡിയോ ഡെൽഹൈറ്റ് എന്ന എക്സ് ഉപയോക്താവ് പങ്കുവച്ചപ്പോള്‍ കണ്ടത് വെറും പതിനൊന്നായിരം പേര്‍ മാത്രം.

വീഡിയോ പങ്കുവച്ച് കൊണ്ട് ഡെൽഹൈറ്റ് ഇങ്ങനെ എഴുതി, ‘ ഫാക്ട് ചെക്ക്: ഈ മനുഷ്യന് തന്‍റെ ജീവൻ നഷ്ടപ്പെട്ടുവെന്ന് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു. യാഥാർത്ഥ്യം: അവൻ സുഖമായിരിക്കുന്നു, അവൻ വീണു, പക്ഷേ അതിജീവിച്ചു. അവന്‍റെ പേര് ആകാശ് സാഗർ, അവൻ വ്ലോഗറാണ്.’ ഒപ്പം യഥാര്‍ത്ഥ സംഭവം നടന്നിട്ട് ഒമ്പത് മാസമായെന്നും അദ്ദേഹം എഴുതി. ആകാശ് സാഗറിന്‍റെ വ്ലോഗില്‍ മുഴുവന്‍ വീഡിയോയും കാണാം എന്ന് പറഞ്ഞ് കൊണ്ട് ആകാശ് തന്നെ പുറത്ത് വിട്ട വീഡിയോയായിരുന്നു മറ്റ് സമൂഹ മാധ്യമ പ്രവര്‍ത്തകര്‍ വ്ലോഗര്‍ മരിച്ചെന്ന രീതിയില്‍ പ്രചരിപ്പിച്ചതും. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here