തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനായുള്ള കേരള സർക്കാർ ദൗത്യത്തിന് കരുത്തുപകർന്ന് ചികിത്സയ്ക്ക് ആവശ്യമായ നിർണായക മരുന്ന് ജർമ്മനിയിൽ നിന്ന് സംസ്ഥാനത്തെത്തിച്ചു. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മിൽറ്റിഫോസിൻ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്സൂളുകൾ അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള കൂടുതൽ മരുന്നുകൾ വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തിക്കും.
കേരളത്തിൽ ആറാമത്തെ അമീബിക് മസ്തിഷ്കജ്വര കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മരുന്ന് ലഭ്യമാക്കാൻ ഡോ. ഷംഷീറിന്റെ സഹായം തേടുകയായിരുന്നു. മിഡിൽ ഈസ്റ്റിലെ വിപുലമായ ആരോഗ്യ സംരക്ഷണ ശൃംഖല ഉപയോഗിച്ച് ഏതാനും ദിവസങ്ങൾക്കകം മരുന്ന് ലഭ്യമാക്കാൻ ഡോ. ഷംഷീറിനായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് കുട്ടികളാണ് അപൂർവ രോഗം കാരണം കേരളത്തിൽ മരണമടഞ്ഞത്. എന്നാൽ 14 വയസ്സുള്ള അഫ്‌നാൻ മരുന്നിന്റെ സഹായത്തോടെ 97% മരണനിരക്കുള്ള രോഗത്തെ അതിജീവിച്ചു.
മരുന്നെത്തിച്ച ഡോ. ഷംഷീര്‍ വയലിലിന് മന്ത്രി നന്ദിയറിയിച്ചു. വളരെ അപൂര്‍വമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കേരളത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തില്‍ എല്ലാ എന്‍സെഫലൈറ്റിസുകളും പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. സമീപകാലത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തി. കേന്ദ്രത്തിന്റെ സപ്ലൈയിലുള്ള മരുന്നാണിത്. പക്ഷെ നമുക്കതിന്റെ വിതരണമില്ല. വളരെ അപൂര്‍വമായിട്ടുള്ള മരുന്നാണിത്. ഇവിടെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിപിഎസ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മിൽറ്റിഫോസിൻ: മാരക രോഗത്തിനെതിരായ പോരാട്ടത്തിലെ ജീവൻരക്ഷാ മരുന്ന്
യുഎസ് സെന്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അമീബിക് മസ്തിഷ്കജ്വര കേസുകൾ ചികിത്സിക്കാൻ 2013 മുതൽ ശുപാർശ ചെയ്യുന്ന മരുന്നാണ് മിൽറ്റിഫോസിൻ. മസ്തിഷ്‌കത്തെ ഭക്ഷിക്കുന്ന അമീബ നെഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവവും അത്യന്തം മാരകവുമായ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) ചികിത്സിക്കാൻ മരുന്ന് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. ഇംപാവിഡോ എന്ന പേരിലാണ് മരുന്ന് വിപണനം ചെയ്യപ്പെടുന്നത്.
ആന്റിമൈക്രോബിയൽ മരുന്നായ ഇത് 1980-കളിൽ കാൻസർ ചികിത്സയ്ക്കായാണ് ആദ്യം വികസിപ്പിച്ചിരുന്നത്. പിന്നീട് ലീഷ്മാനിയാസിസിനുമുള്ള ചികിത്സാ ഉപാധിയായി. ഗ്രാനുലോമാറ്റോസ് അമീബിക് എൻസിഫിലൈറ്റിസ് അടക്കമുള്ള അമീബ അണുബാധയ്‌ക്കെതിരെയും മിൽറ്റിഫോസിൻ പ്രത്യാശ നൽകുന്നു.
നെഗ്ലേരിയ ഫൗളറി തലച്ചോറിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാൻ മിൽറ്റിഫോസിന് കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ പ്രവർത്തനത്തിന്റെ കൃത്യമായ രീതി പൂർണ്ണമായി മനസിലാക്കിയിട്ടില്ലെങ്കിലും, രക്ത-മസ്തിഷ്ക തടസ്സം നേരിടാനും മസ്തിഷ്ക കോശങ്ങളിൽ കേന്ദ്രീകരിക്കാനും മിൽറ്റിഫോസിന് കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇത് മിൽറ്റിഫോസിനെ പിഎഎം പോലുള്ള മസ്തിഷ്ക അണുബാധകൾക്കെതിരെ ഫലപ്രദമാക്കുന്നു.
മിൽറ്റിഫോസിൻ ലഭ്യത ഉറപ്പാക്കുന്നത് കൂടുതൽ കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിനെ സഹായിക്കും. മരുന്ന് എത്തിയതിന്റെ ആശ്വാസത്തിലാണ് രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ബന്ധുക്കളും.
വിപിഎസ് ഹെൽത്ത് കെയർ ഇന്ത്യാ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ എം.ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ആദ്യ ബാച്ച് മരുന്ന് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിക്ക് കൈമാറിയത്.
നിർണ്ണായക ഘട്ടത്തിൽ സംസ്ഥാന സർക്കാരിനെയും രോഗ ബാധിതരെയും സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, ഡോ. ഷംഷീർ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് എത്രയും വേഗം കൂടുതൽ മരുന്നുകൾ ലഭ്യമാക്കാൻ സജീവമായി പ്രവർത്തിക്കുകയാണെന്നും ഹാഫിസ് അലി പറഞ്ഞു. 2018-ൽ കേരത്തിന്റെ നിപ വൈറസിനെതിരായ പോരാട്ടത്തിലും ഡോ. ഷംഷീർ ഗണ്യമായ സംഭാവനകൾ നൽകിയിരുന്നു. മാരകമായ അണുബാധയെ ചെറുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് സഹായമായി 1.75 കോടി രൂപയുടെ അടിയന്തര ആരോഗ്യ സംരക്ഷണ സാമഗ്രികളാണ് അന്ന് സംഭാവന ചെയ്തിരുന്നത്.