ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷനിലെ കോടികളുടെ വായ്പാ തട്ടിപ്പ് വേഗത്തിലാക്കി സി.ഐ.ഡി. തട്ടിപ്പ് പണം ലഭിച്ച 10 പ്രാഥമിക ബാങ്ക് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു. ഇതിൽ ചില അക്കൗണ്ടുകൾ സ്വകാര്യ കമ്പനികളുടേതാണെന്ന് സി.ഐ.ഡി അറിയിച്ചു. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.
2023 മുതലാണ് ഏജൻസി കേസ് അന്വേഷിക്കാൻ തുടങ്ങിയത്. കഴിഞ്ഞയാഴ്ച കലബുറഗി, ബംഗളൂരു, ദൊഡ്ഡബല്ലാപ്പൂർ എന്നിവിടങ്ങളിൽ ഒമ്പത് റെയ്ഡുകൾ നടത്തുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. മുൻ ബി.ജെ.പി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കുമെന്ന് കോൺഗ്രസ് സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
2021-22 കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഭോവി സമുദായത്തിലെ അംഗങ്ങൾക്കായുള്ള തൊഴിൽ പദ്ധതിക്ക് കീഴിലുള്ള ലോണുകളുടെ ഓഹരികൾ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് തട്ടിയെടുക്കുന്നു എന്നതാണ് പരാതി. കോർപറേഷൻ 10 ലക്ഷം രൂപ വരെ വായ്പ നൽകേണ്ടിയിരിക്കെ ഒരു ഗുണഭോക്താവിനും 30,000 രൂപയിൽ കൂടുതൽ ലഭിച്ചില്ല. 2022ൽ ബാങ്ക് അധികൃതർ ഒറിജിനൽ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിനെക്കുറിച്ച് ഗുണഭോക്താക്കൾ അറിയുന്നത്.
കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി ഒത്തുകളിയെന്ന് സംശയിക്കുന്ന ഇടനിലക്കാർ 10 ലക്ഷം രൂപ വരെ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗുണഭോക്താക്കളിൽ നിന്ന് ആധാറും പാൻ കാർഡും മറ്റ് രേഖകളും ശേഖരിച്ചു. ബ്ലാങ്ക് പേപ്പറുകളിലും രണ്ട് ബ്ലാങ്ക് ചെക്കുകളിലും അപേക്ഷകരുടെ ഒപ്പ് അവർ സ്വീകരിച്ചു. ഓരോ ലോണിനും 25,000 രൂപയുടെ കമ്മീഷൻ ഇടനിലാക്കാർ ആദ്യം ആവശ്യപ്പെട്ടു. എന്നാൽ ഏതാനും മാസങ്ങൾക്കുശേഷം 50,000 മുതൽ 60,000 രൂപ മാത്രമാണ് വായ്പയായി അനുവദിച്ചതെന്ന് അവകാശപ്പെട്ട് 25,000 മുതൽ 30,000 രൂപ വരെ മാത്രമാണ് അവർ ഗുണഭോക്താക്കൾക്ക് നൽകിയത്.