7 സീറ്റിൽ ഒന്നിൽ പോലും തോൽക്കില്ലെന്ന് വെല്ലുവിളി; വാക്ക് തെറ്റിക്കാതെ മന്ത്രിസ്ഥാനം രാജിവെച്ച് ബിജെപി നേതാവ്

0
139

ജയ്പുർ: ബിജെപി നേതാവ് കിരോഡി ലാൽ മീണ രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും തോൽവിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് കിരോഡി ലാൽ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉൾപ്പെടെയുള്ള സീറ്റുകൾ പാർട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാൽ രാജിവച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള വെല്ലുവിളി ഇതോടെ കിരോഡി ലാൽ പാലിക്കുകയായിരുന്നു.

10 ദിവസം മുമ്പാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയതെന്ന് കിരോഡി ലാലിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാജസ്ഥാനിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25ൽ 14 സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍, ദൗസ ഉൾപ്പെടെ എട്ട് സീറ്റുകള്‍ നേടി കോൺഗ്രസ് നില മെച്ചപ്പെടുത്തുകയായിരുന്നു.

മറ്റ് പാർട്ടികൾ മൂന്ന് സീറ്റുകൾ നേടി. കൃഷി, ഹോർട്ടികൾച്ചർ, ഗ്രാമവികസനം, ദുരന്തനിവാരണം, ദുരിതാശ്വാസം, സിവിൽ ഡിഫൻസ് തുടങ്ങി നിരവധി വകുപ്പുകളുടെ മന്ത്രിയായിരുന്നു കിരോഡി ലാൽ മീണ. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 115 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. സവായ് മധോപൂർ മണ്ഡലത്തില്‍ നിന്നാണ് മീണ വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here