സിസിടിവി ചതിച്ചാശാനേ! ഒളിഞ്ഞുനോട്ടക്കാരന്റെ ശല്യം, പിടിക്കാൻ വാട്‌സാപ് ഗ്രൂപ്പ്; കുടുങ്ങിയത് അഡ്മിൻ

0
139

കോഴിക്കോട്∙ വീടുകളിൽ രാത്രി ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി വ്യാപകമായതോടെ നാട്ടുകാർ തിരച്ചിലിന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിൽ സിസിടിവിയിൽ ആൾ കുടുങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാൻ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വിഡിയോയിൽ. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്. രാത്രി എത്തുന്നയാൾ വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കും. രാത്രി കാലത്തെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ ഏകോപിപ്പിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചു. രാത്രി സമയത്ത് ചിലർ കാവലിരുന്നു. ഏറെ ദിവസം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല.

ഒടുവിൽ സിസി ടിവിയിൽ ദൃശ്യം പതിഞ്ഞു. വിഡിയോ പരിശോധിച്ചപ്പോഴാണ് നാട്ടുകാർ ഞെട്ടിയത്. തിരച്ചിലിന് നേതൃത്വം നൽകുന്ന യുവാവാണ് ദൃശ്യത്തിൽ. വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനും ഇയാൾതന്നെ. ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ ഓരോ വീടുകളിൽ കയറിയി‌രുന്നത്. തിരച്ചിൽ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടിൽ സിസിടിവിയുള്ളത് യുവാവിന് തിരിച്ചറിയാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here