ക്യാമറ ഇനി ‘രണ്ടാകില്ല’: ആപ്പിൾ 16 പ്രോ മോഡലുകളിൽ പുതിയ മാറ്റം

0
120

ന്യൂയോർക്ക്: ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളിലെ പ്രധാന വ്യത്യാസം( സൈസും വിലയും കൂടാതെ) ക്യാമറ യൂണിറ്റുകളിലായിരുന്നു.

ഐഫോണുകളിലെ പ്രധാന സവിശേഷതകളിലൊന്നാണ് ക്യാമറ ക്വാളിറ്റി. നൂതന സാങ്കേതികവിദ്യകള്‍ അടങ്ങിയ ക്യാമറ ലഭിക്കണമെങ്കിൽ പ്രോ മാക്‌സ് തന്നെ വാങ്ങേണ്ടി വരണമായിരുന്നു. ഇപ്പോഴിതാ അതിനൊരു മാറ്റം വരുത്തുകയാണ് കമ്പനി. ഐഫോൺ 16 പരമ്പരയിലെ പ്രോ മോഡലുകളിൽ ഇനി ക്യാമറ വ്യത്യാസം ഉണ്ടാവില്ല. രണ്ട് മോഡലുകളിലും ക്യാമറ യൂണിറ്റും അതിലടങ്ങിയ ഫീച്ചറുകളും സമാനമായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

അതിലൊന്നാണ് 5x സൂം. 16 മോഡലിലെ പ്രോ മോഡലുകളിൽ 5x സൂം സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പവർഫുൾ ടെലിഫോട്ടോ സൂം ലെൻസ് വേണമെങ്കിൽ 15 പ്രോ മാക്‌സ് തന്നെ വാങ്ങണം. 15 പ്രോയിൽ 3x സൂം സൗകര്യമെ ഉണ്ടായിരുന്നുള്ളൂ. ഫോണിന്റെ വലിപ്പമാണ് ഈയൊരു പോരായ്മക്ക് കാരണം. പ്രോ മാക്‌സിന് പ്രോയെക്കാൾ വലിപ്പം കൂടുതലായതിനാൽ വലിയ സൂം ലെൻസ് വെക്കാൻ കഴിയുമായിരുന്നു. എന്നാൽ ആ ശേഷി പ്രോ മോഡലിൽ ലഭ്യമായിരുന്നില്ല.

എന്നാൽ ഈയൊരു പ്രശ്‌നം കാര്യമായി തന്നെ പരിഗണിച്ചിരിക്കുകയാണ് കമ്പനി. 16 പ്രോയിലും പ്രോ മാക്‌സിലും വലിയ സൂം ലെൻസ് ഉൾക്കൊളളാനാകും. അതിനനുസരിച്ചാണ് മോഡൽ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എങ്ങനെയായിരിക്കും ഫോണിന്റെ വലിപ്പം എന്നതിനെക്കുറിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നില്ല. മറ്റു പ്രത്യേകതകള്‍ എന്തെല്ലാം ആയിരിക്കും എന്നതിലും അറിവില്ല. അതേസമയം പെരിസ്‌കോപ്പ് ലെൻസുൾപ്പെടെ 16 പരമ്പരയിലെ എല്ലാ മോഡലിലേക്കും എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിലവില്‍ മുന്‍നിര ബ്രാന്‍ഡുകളാണ് പെരിസ്‌കോപ്പ് ഉപയോഗിക്കുന്നത്.

സെപ്തംബറിലാണ് 16 പരമ്പരയിലെ മോഡലുകൾ ആപ്പിൾ അവതരിപ്പിക്കുക. ഇതിനകം തന്നെ പല റിപ്പോർട്ടുകളും പുതിയ മോഡലിനെച്ചുറ്റിപ്പറ്റി പുറത്തുവന്നുകഴിഞ്ഞു. പുതിയ മോഡലിലേക്കുള്ള ഐ.ഒ.എസ് 18 കമ്പനി അവതരിപ്പിക്കുകയും ചെയ്തു. എ.ഐ ഉൾപ്പടെ ഒരുപിടി ഫീച്ചറുകളാണ് ഐ.ഒ.എസ് 18നെ വ്യത്യസ്തമാക്കുന്നത്. ആപ്പിൾ ഇന്റലിജൻസ് എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here