കേരളത്തിൽ സർവ സാധാരണമായി ഉപയോഗിക്കുന്ന ചെരുപ്പാണ് സ്ലിപ്പറുകൾ. എന്നാൽ നമ്മുടെ നാട്ടിൽ കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന ഈ ചെരുപ്പുകൾ കുവൈറ്റിൽ വാങ്ങണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കേണ്ടി വരും. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. ‘ട്രെൻഡ്, ഏറ്റവും പുതിയ ഫാഷൻ സനോബ, വില 4500 റിയാൽ’ എന്ന് അറബിയിൽ തലക്കെട്ട് നൽകിക്കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 4,500 റിയാൽ എന്നത് 1,00,245 രൂപയാണ്.
ഒരു ചില്ല് കൂട്ടിൽ വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്ന സ്ലിപ്പറുകളാണ് വീഡിയോയിൽ കാണുന്നത്. നീല, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള സ്‌ട്രിപ്പുകളോടെയുള്ള മൂന്ന് സ്ലിപ്പർ ചെരുപ്പുകൾ കാണാം. ഒരാൾ വന്ന് ചില്ല് കൂട്ടിൽ നിന്നും നീല സ്ലിപ്പർ എടുത്ത് അതിന്റെ സ്‌ട്രിപ്പും പുറം ഭാഗവും ഉൾഭാഗവുമെല്ലാം വ്യക്തമായി കാണിച്ച് തരുന്നു. മാത്രമല്ല, ചെരുപ്പ് പുറകിലേക്ക് വലിച്ചുകൊണ്ട് അതിന്റെ ഉറപ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കി തരികയും ചെയ്യുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇന്ത്യക്കാരുടെ രസകരമായ നിരവധി കമന്റുകളും വീഡിയോയ്‌ക്ക് താഴെ കാണാം.
‘എത്ര വിലയിട്ടാലും സമ്പന്നർ വാങ്ങും, ടോയ്‌ലറ്റിൽ പോകാനായി ഞങ്ങൾ ലക്ഷങ്ങളുടെ ചെരുപ്പാണ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്, ഇന്ത്യയിൽ വന്നാൽ 60 രൂപയ്‌ക്ക് നിങ്ങൾക്ക് ഈ ചെരുപ്പ് വാങ്ങാം, ഇന്ത്യക്കാർ ടോയ്‌ലറ്റിൽ പോകുമ്പോഴാണ് ഈ ചെരുപ്പ് ഉപയോഗിക്കുന്നത്, ഇന്ത്യയിലെ ചില കടകളിൽ 30 രൂപയ്‌ക്ക് ഇവ ലഭിക്കും, ഞങ്ങൾ ഹവായ് സ്ലിപ്പറുകൾ എന്നാണ് ഇവരെ വിളിക്കുന്നത്, അമ്മമാർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും ഉപകാരപ്രദമായ ഗിഫ്റ്റ് ആണിത്’ , തുടങ്ങി നിരവധി രസകരമായ കമന്റുകൾ കാണാൻ കഴിയും.