അർജുനായുള്ള തെരച്ചിൽ; നാളെ നിർണായക തീരുമാനത്തിന് സാധ്യത, ദൗത്യപുരോഗതിയിൽ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

0
74

ബെം​ഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് നാളെ നിർണായക തീരുമാനത്തിന് സാധ്യത. ഗം​ഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും നാളെയും തെരച്ചില്‍ നടത്തും. ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം നാളെ ഉണ്ടാകും എന്നാണ് വിവരം. ദൗത്യത്തിന്‍റെ പുരോഗതിയിൽ ജില്ലാ കളക്ടർ നാളെ സർക്കാരിന് റിപ്പോർട്ട് നൽകും.

ഷിരൂർ ദൗത്യത്തിൽ നിർണായകമാകുമെന്ന് കരുതിയ ഗംഗാവലി പുഴയിൽ ഇറങ്ങിയുള്ള പരിശോധനയിലും നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ അടക്കം രംഗത്തിറക്കിയായിരുന്നു ഇന്നത്തെ തെരച്ചിൽ. ഉ‍ഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയിൽ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. പുഴയുടെ നടുഭാഗത്ത്, കഴിഞ്ഞ ദിവസം സിഗ്നൽ കിട്ടിയ നാലാം പോയിന്റിൽ ചെളിയും പാറയും മാത്രമാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ ഐഎഎസ് പറഞ്ഞു.

നിരാശനെന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചത്. ഗം​ഗാവലി പുഴയിലെ ഇന്നത്തെ തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴങ്ങളിൽ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് ഇന്നലെ പരിശോധനയിയില്‍ കണ്ടെത്തിയത്. നാളെയും തെരച്ചിൽ തുടരുമെന്ന് എംഎൽഎ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here