നിര്‍ണായകമായ മണിക്കൂറുകള്‍; ലോറിക്കടുത്തെത്താന്‍ വെല്ലുവിളിയായി അടിയൊഴുക്ക്, തിരച്ചിലിന് ‘ഐബോര്‍ഡ്‌’

0
116

അങ്കോല (കര്‍ണാടക): പത്താംനാളിലേക്ക് നീണ്ട അര്‍ജുനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഇന്ന് അന്ത്യമായേക്കും. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള നിര്‍ണായക ജോലികള്‍ ഷിരൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനിടയില്‍ ലോറിയുണ്ടെന്നാണ് ബുധനാഴ്ച കണ്ടെത്തിയത്. 15 മീറ്റര്‍ താഴ്ചയില്‍ കിടക്കുന്ന ട്രക്കിനടത്തേക്ക് മുങ്ങിത്തപ്പാന്‍ നാവികസേനയുടെ സ്‌കൂബാ ടീം ബുധനാഴ്ച എത്തിയെങ്കിലും ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ കഴിയാതെ മടങ്ങിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുടെ പിന്തുണയോടെ മുങ്ങല്‍ വിദഗ്ധരെ ലോറിക്കടുത്തേക്ക് എത്തിക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്.

സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവും എത്തിയിട്ടുണ്ട്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ഐബോര്‍ഡ് എന്ന അത്യാധുനിക സംവിധാനമുപയോഗിച്ചായിരിക്കും തിരച്ചില്‍.

‘നാവികസേന ലോറിയുണ്ടെന്ന് അനുമാനത്തിലെത്തിയ പ്രദേശത്ത് ഓപ്പറേഷന്‍ നടത്തണമെങ്കില്‍ കൃത്യമായ ഒരുരൂപരേഖ വേണം. കൂടാതെ ഇറങ്ങുന്നവര്‍ക്ക് നല്ല ആത്മവിശ്വാസവും ഉണ്ടാകേണ്ടതുണ്ട്. കാരണം വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമാണ്. നിലവിലെ ഒഴുക്കനുസരിച്ച് ജീവന്‍തന്നെ അപകടത്തില്‍പ്പെടുന്ന ഒരു സാഹചര്യമുണ്ട്. ട്രക്കിന്റെ കൃത്യസ്ഥാനം ഉറപ്പിച്ചിട്ടുവേണം ഇറങ്ങാന്‍. ഏത് ഭാഗത്താണ് ഇതിന്റെ ക്യാബിന്‍ കിടക്കുന്നതെന്നതടക്കം മനസ്സിലാക്കിയാലേ മുങ്ങുന്നവര്‍ക്ക് കൂടുതല്‍ എളുപ്പമാകൂ. അതിനുള്ള സങ്കേതിക സംവിധാനമാണ് ഞങ്ങള്‍ ഒരുക്കുന്നത്’ റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലന്‍ പറഞ്ഞു.

ഒരു റഡാര്‍ വിദഗ്ദ്ധനേയും കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ആഴം കൃത്യമായി അറിയില്ല. ഇപ്പോള്‍ അനുമാനം മാത്രമാണ് ഉള്ളത്. കടലില്‍ ഇറങ്ങുന്നത് പോലെയല്ല. കടലില്‍ ഇതിനേക്കാളും ആഴത്തില്‍ ഇറങ്ങാന്‍ സാധിക്കുന്നത് അടിയില്‍ ഒഴുക്കില്ലാത്തത് കൊണ്ടാണ്. ചിലപ്പോള്‍ ട്രക്ക് മണ്ണ് മൂടികിടക്കുകയായിരിക്കും. കുഴിയെടുത്ത് ഒഴുക്ക് നിയന്ത്രിച്ചാല്‍ മുങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ കുറച്ച് എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രക്ക് പുഴയില്‍നിന്ന് ഉയര്‍ത്താനുള്ള ക്രെയിനുകള്‍ എത്തിക്കഴിഞ്ഞാല്‍ ഓപ്പറേഷന്‍ ആരംഭിക്കും. 11.30 ഓടെ ഓപ്പറേഷന്‍ ആരംഭിക്കാനാകുമെന്നും രണ്ടര മണിക്കൂറിനകം പൂര്‍ത്തായാക്കാമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here