ന്യൂയോര്‍ക്ക്: മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകള്‍(മടക്കാവുന്നവ) ഇതിനകം വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് ആപ്പിളും കടന്നുവരികയാണ്. ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സജീവമാണ്.
സാധാരണ പല മുന്‍നിര സാങ്കേതിക വിദ്യകളും ആദ്യം അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ആപ്പിള്‍ ഇക്കാര്യത്തില്‍ പക്ഷെ യാതൊരു വിധ ധൃതിയും കാണിക്കുന്നില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇപ്പോള്‍ ഫോള്‍ഡബിള്‍ ഐഫോണുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.
ഫോള്‍ഡബിള്‍ ഐഫോണ്‍ 2026ല്‍ അവതരിപ്പിക്കപ്പെടും എന്നാണ് ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാംസങ് ഗ്യാലക്സി സ്സെഡ് ഫ്‌ളിപ്പിന് സമാനമായിരിക്കും ഇതിന്റെ ഡിസൈന്‍ എന്നും പറയപ്പെടുന്നു. ഏറെക്കാലം ഡിസൈന്‍ സംബന്ധിച്ചുള്ള ആലോചനകളിലായിരുന്നു കമ്പനി. ഇപ്പോഴിതാ ഡിസൈന്‍ കമ്പനി കണ്ടെത്തി എന്നാണ് ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഫോള്‍ഡബിള്‍ ഫോണിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാനായി ആപ്പിള്‍, ഏഷ്യന്‍ കമ്പനികളെ സമീപിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഐഫോണ്‍ ഫ്‌ളിപ്പിന്റെ ഇന്റണല്‍ കോഡ് വി68 എന്നാണ്. ആദ്യത്തെ ഫോൾഡബിൾ ഐഫോണിന് നിലവിലുള്ള ഐഫോണുകൾക്ക് സമാനമായ വലുപ്പം തന്നെ ഉണ്ടാവും. മറ്റു വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം ബജറ്റ് ഫ്രണ്ട്ലി വിഭാഗത്തില്‍പ്പെടുന്ന അടുത്ത ജനറേഷന്‍ ഐഫോണ്‍ എസ്ഇ മോഡലും ആപ്പിളിന്റെ മനസിലുണ്ട്. 6.06 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ, ടച്ച് ഐഡി സെന്‍സര്‍, ഫെയ്സ് ഐഡി സെന്‍സര്‍, ടൈപ്പ്-സി ചാര്‍ജര്‍, 48 മെഗാപിക്സലിന്റെ പിന്‍ക്യാമറ എന്നിവയും ഐഫോണ്‍ എസ്ഇ4ന് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാംസങ്, മൊട്ടോറോള, ഗൂഗിള്‍, ഓപ്പോ, വിവോ, വണ്‍ പ്ലസ് തുടങ്ങിയ ഒട്ടേറെ കമ്പനികള്‍ ഇതിനകം തന്നെ ഫോള്‍ഡബിള്‍ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. പുതുമുകളോടെ ആപ്പിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക് എത്തും എന്ന് തന്നെയാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.
അതേസമയം ഐഫോണ്‍ 16 മോഡലുകളുടെ വരവിനായി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. ഐഫോണ്‍ 16 സിരീസ് സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിക്കും. സെപ്റ്റംബറില്‍ തന്നെ ഐഫോണ്‍ 16 മോഡലുകളുടെ വില്‍പന തുടങ്ങാനാണ് സാധ്യത. മുന്‍ വര്‍ഷങ്ങളിലേത് പോലെ നാല് മോഡലുകളാണ് പുതിയ ഐഫോണ്‍ 16 സിരീസിലുണ്ടാവുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണവ. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒരു പിടി പ്രത്യേകതകളോടെയാണ് ഐഫോണ്‍ 16 എത്തുന്നത്. പ്രോ മോഡലുകളിലായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സിനെ പൂര്‍ണമായും ഉപയോഗപ്പെടുത്താനാവുക.