ഇന്ത്യയില്‍ ഐഫോണ്‍ വിലകുറച്ച് ആപ്പിള്‍; പുതിയ വിലവിവരങ്ങള്‍ അറിയാം

0
106

മുംബൈ/വാഷിങ്ടണ്‍: ഇന്ത്യയില്‍ ഐഫോണുകളുടെ വിലകുറച്ച് ആപ്പിള്‍. മൂന്നു മുതല്‍ നാലു ശതമാനം വരെ ഫോണുകളുടെ വിലയില്‍ കുറവുണ്ടാകും. കേന്ദ്രം സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതി നികുതി കുറച്ചതിനു പിന്നാലെയാണ് പുതിയ ഐഫോണ്‍ വിലവിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്.ഇ ഫോണുകളുടെ വിലയിലെല്ലാം മാറ്റമുണ്ടാകും. 300 രൂപ മുതല്‍ 6,000 രൂപ വരെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഇതാദ്യമായാണ് ഐഫോണ്‍ പ്രോ മോഡലുകളുടെ വില ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് 3.6 ഡോളര്‍ ആണു വില കുറയുക. ഏകദേശം 300 രൂപ വരുമിത്. ഐഫോണ്‍ എസ്.ഇക്ക് 2,300 രൂപയും(27.5 ഡോളര്‍) ഐഫോണ്‍ 15 പ്രോയും പ്രോ മാക്‌സും 6,000 രൂപ(72 ഡോളര്‍) വിലക്കുറവിലും ലഭിക്കും. ഐഫോണ്‍ 15 പ്രോ 1.29 ലക്ഷം രൂപയ്ക്കു ലഭിക്കും. പ്രോമാക്‌സിന്റെ വില 1.59 ലക്ഷത്തില്‍നിന്ന് 1.54 ലക്ഷമായി കുറഞ്ഞു. അതേസമയം, പുതിയ നിരക്കുകള്‍ ഐഫോണ്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വിലക്കുറവ് ചെറിയ ആശ്വാസമാണെങ്കിലും മറ്റു വിപണികളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇപ്പോഴും ഐഫോണ്‍ വിലയേറിയ വസ്തു തന്നെയാണ്. യു.എസ് വിപണിയില്‍ 999 ഡോളര്‍(ഏകദേശം 83,000 രൂപ) വിലയുള്ള ഐഫോണ്‍ പ്രോ മോഡല്‍ ഇന്ത്യയില്‍ സ്വന്തമാക്കണമെങ്കില്‍ ഏകദേശം 1.29 ലക്ഷം രൂപ(1,550 ഡോളര്‍) നല്‍കണം.

ചൈനീസ് വിപണിയില്‍ ഐഫോണിന് ഡിമാന്‍ഡ് കുറയുന്നതിനിടെയാണ് ഇന്ത്യയില്‍ വിലകുറയുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചൈനയിലേക്കുള്ള ഐഫോണ്‍ ഇറക്കുമതിയില്‍ 6.7 ശതമാനത്തിന്റെ ഇടിവുണ്ടായതായാണ് ടെക് റിസര്‍ച്ച് സ്ഥാപനമായ കനാലിസ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നത്. ചൈനയില്‍ പ്രതിസന്ധിയിലൂടെയാണ് ആപ്പിള്‍ കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം, ഇന്ത്യ ഇപ്പോഴും ആപ്പിളിന്റെ സുപ്രധാന വിപണികളിലൊന്നായി തുടരുകയാണ്. ഇന്ത്യയില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ കുതിച്ചുയരുകയാണെന്നാണ് യു.എസ് ആസ്ഥാനമായുള്ള മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ 42 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യയില്‍നിന്നുള്ള വരുമാനത്തില്‍ ആപ്പിളിനുണ്ടായത്. 8.7 ബില്യന്‍ ഡോളറായി ആപ്പിളിന്റെ ഇന്ത്യന്‍ വരുമാനം ഉയര്‍ന്നിരുന്നു. ഐഫോണ്‍ ഇറക്കുമതിയിലും വന്‍ കുതിപ്പുണ്ടായി. 39 ശതമാനമായിരുന്നു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ലുണ്ടായ വര്‍ധന.

ഇതുവഴി ലോകത്തെ തന്നെ ഐഫോണിന്റെ അഞ്ചാമത്തെ വലിയ വിപണിയായും ഇന്ത്യ മാറി. യൂറോപ്യന്‍ യൂനിയനിലെ ഒറ്റ രാജ്യം പോലും ഇന്ത്യയ്ക്കു മുന്നിലില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ, രാജ്യത്ത് ആദ്യമായി ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകള്‍ നിര്‍മിക്കാനും ആപ്പിള്‍ ആലോചിക്കുന്നുണ്ട്.

ജൂലൈ 22ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ വില കുറയുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ ഇറക്കുമതി നികുതി 15 മുതല്‍ 20 ശതമാനം വരെ കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here