അർജുന്റെ ലോറി കണ്ടെത്താൻ സഹായിച്ചവരിൽ കാസർകോട് സ്വദേശി ഉൾപ്പെട്ട സംഘവും

0
210

കാസർകോട്: കർണാടകയിലെ അങ്കോല ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ ലോറി പുഴയിലുണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ച് സൂചന നൽകിയവരിൽ കാസർകോട് സ്വദേശി ഉൾപ്പെട്ട സൂറത്കൽ എൻ.ഐ.ടി. സംഘവും.

എൻ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. കെ.വി.ഗംഗാധരൻ, അസോസിയേറ്റ് പ്രൊഫസർമാരായ കയ്യൂർ മുഴക്കോം അരയാലിൻകീഴിൽ സ്വദേശി ഡോ. ശ്രീവത്സ കൊളത്തായർ, ഡോ. യു.പൃഥ്വിരാജ് എന്നിവരുൾപ്പെടെ സംഘമാണ് നേതൃത്വം നൽകിയത്.

ഉത്തരകന്നഡ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതുപ്രകാരം ജൂലായ് 19-ന് രാത്രിയാണ് ഡോ. ശ്രീവത്സ ഉൾപ്പെട്ട എൻ.ഐ.ടി. സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി ഷിരൂരിലെത്തിയത്. എൻ.ഐ.ടി. ഗവേഷക വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നു. റോഡിലുണ്ടായിരുന്ന മണ്ണിൽ ലോറിയില്ലെന്ന് ഇതുവഴി കണ്ടെത്തിയിരുന്നു. പുഴയിൽ ഇതുപയോഗിച്ച് പരിശോധന നടത്തുക പ്രയാസമായിരുന്നു.

തുടർന്ന് ‘ഫിനൈറ്റ് എലിമെന്റ് അനാലിസിസ്’ (എഫ്.ഇ.എം.) വഴിയാണ് ലോറി തീരത്തുനിന്ന് 20-40 മീറ്റർ അകലെ നദിയിൽ മണ്ണിനടിയിലുണ്ടാകാമെന്ന് നിർണയിച്ചതെന്ന് ഡോ. ശ്രീവത്സ കൊളത്തായർ ‘മാതൃഭൂമി’യോട് പറഞ്ഞു.

ഒരു വസ്തു യഥാർഥ സാഹചര്യത്തിൽ എങ്ങനെ പെരുമാറുമെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന വിദ്യയാണിത്.

മണ്ണിടിഞ്ഞ ഭാഗത്തിന്റെ ഉയരം, പുഴയിലേക്കുള്ള ദൂരം, ഉൾപ്പെട്ട വസ്തുവിന്റെ ഭാരം, പുഴയുടെ ഒഴുക്ക് തുടങ്ങിയവയെല്ലാം ഇതിനായി പരിഗണിക്കും. മണ്ണിടിച്ചിലുണ്ടായ കുന്നിന്റെ ചുവട്ടിൽനിന്ന് ഏകദേശം 150 മീറ്റർ അകലെവരെ മണ്ണെത്തിയിട്ടുണ്ട്. എൻ.ഐ.ടി.യിലെ പിഎച്ച്.ഡി. സ്കോളർ വരുൺ മേനോനാണ് ഈ ഡിജിറ്റൽ മോഡൽ തയ്യാറാക്കിയത്.

കണ്ടെത്തിയ വിവരങ്ങൾ കർണാടക റവന്യൂ സെക്രട്ടറിക്കും ഉത്തര കന്നഡ ജില്ലാകളക്ടർക്കും കെ.എസ്.ഡി.എം.എ. സെക്രട്ടറിക്കും കൈമാറിയിരുന്നു.

എൻ.ഐ.ടി. മാത്രമല്ല, മറ്റ് ഏജൻസികളും അവിടെ ലോറിയുടെ സ്ഥാനം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നെന്നും ഡോ. ശ്രീവത്സ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here