കൊച്ചി: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റംവരുത്തിയ വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ഇത് ആക്രിയാക്കണമെന്നും മോട്ടോർവാഹന വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. വാഹനയുടമയ്ക്ക് 1.05 ലക്ഷംരൂപ പിഴചുമത്തിയിട്ടുണ്ട്.
മലപ്പുറം സ്വദേശി കെ. സുലൈമാന്റെപേരിൽ രജിസ്റ്റർചെയ്ത വാഹനമാണ്. ഇതേവാഹനത്തിന് മുൻപ് മൂന്നുതവണ പിഴയിട്ടിരുന്നു. ഇന്ത്യൻ ആർമിയിൽനിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ്. വാഹനത്തിന്റെ വലിപ്പംവരെ കുറച്ചു. ഇത് സുരക്ഷാഭീഷണിയാണ്. ആറുസീറ്റ് എന്നത് മൂന്നുസീറ്റാക്കിമാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
രൂപമാറ്റംവരുത്തിയ വാഹനത്തിൽ ആകാശ് തില്ലങ്കേരി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും അടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്തകേസിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി. സന്തോഷ് കുമാർവഴിയാണ് റിപ്പോർട്ട് ഫയൽചെയ്തത്.
കോഴിക്കോട് വടകരയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യബസ് ഡ്രൈവർ മുഹമ്മദ് ഫുറൈസ് കിലാബിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയതായും അറിയിച്ചു.