പ്രവാസിമലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള ‘എയര്‍ കേരള’ വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. ദുബായിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ‘എയര്‍ കേരളയക്ക്’ പ്രവര്‍ത്തനാനുമതി ലഭിച്ചതായി സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചത്.
അനുമതി ലഭിച്ചതിനു പിന്നാലെ പുതിയ സര്‍വീസും ‘എയര്‍ കേരള’ പ്രഖ്യാപിച്ചു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള സര്‍വീസായിരിക്കും തടക്കത്തില്‍ നടത്തുക. ഇതിനായി മൂന്നു വിമാനങ്ങള്‍ ഉടന്‍ വാങ്ങുമെന്നു കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ വ്യക്തമാക്കി.
പിന്നീട് പടിപടിയായി വിമാനങ്ങളുടെ എണ്ണം കൂട്ടി ഫ്‌ളീറ്റ് എണ്ണം(സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം) 20 ആക്കി ഉയര്‍ത്തിയ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാക്കളില്‍ നിന്നു വിമാനങ്ങള്‍ നേരിട്ടു സ്വന്തമാക്കാനുള്ള സാധ്യതകള്‍ തേടുന്നുണ്ടെന്നും അധികം വൈകാതെ രാജ്യാന്തര സര്‍വീസ് ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രവാസി മലയാളികള്‍ക്കുള്ള സമ്മാനമായാണ് പുതിയ സര്‍വീസ് പ്രഖ്യാപിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ 2005-ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടതാണ് ‘എയര്‍ കേരള’ വിമാന സര്‍വീസ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിക്കാതെ പോയതോടെ സംസ്ഥാന സര്‍ക്കാരിന്റെ ‘എയര്‍ കേരള’ വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ആ പേരില്‍ ഒരു വെബ്‌സൈറ്റ് രൂപീകരിച്ചതു മാത്രമായി സര്‍ക്കാരിന്റെ നേട്ടം.
കഴിഞ്ഞ വര്‍ഷം 2.25 കോടി രൂപ നല്‍കി നല്‍കി വെബ്‌സൈറ്റിന്റെ ‘എയര്‍കേരള ഡോട്ട് കോം’ എന്ന ഡൊമെയ്ന്‍ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമയായ അഫി അഹമ്മദ് സ്വന്തമാക്കിയതോടെയാണ് ‘എയര്‍ കേരള’യ്ക്ക് വീണ്ടും ചിറക് മുളച്ചത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് എയര്‍കേരള.