‘എഐ ക്യാമറ ഇനി ഒന്നുമല്ലാതാകും, ജോലി ജനങ്ങൾക്ക് കൈമാറും’

0
112

തിരുവനന്തപുരം: പൊലീസും എംവിഡിയും നടത്തിയിരുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ പോകുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് അയക്കുന്നതിനായി പുതിയൊരു ആപ്പ് ഉടൻ പുറത്തിറക്കുമെന്നും ഗണേശ് കുമാർ അറിയിച്ചു. പുതിയ പ്രഖ്യാപനത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്.

മന്ത്രിയുടെ വാക്കുകൾ:

പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന പരിശോധനകൾ ഇനി ജനങ്ങൾക്ക് കൈമാറാൻ പോവുകയാണ്. ട്രാഫിക്ക് നിയമ ലംഘനങ്ങൾ കണ്ടാൽ നിങ്ങൾക്ക് തന്നെ അത് റിപ്പോർട്ട് ചെയ്യാനും ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയുന്ന പുതിയ സംവിധാനം ഏതാനും ആഴ്‌ചകൾക്കുള്ളിൽ കേരളത്തിൽ നിലവിൽ വരും. നിയമ ലംഘനം നിങ്ങളുടെ ഫോണിൽ തന്നെ ചിത്രീകരിച്ച ശേഷം ഫ്രീയായി ലഭിക്കുന്ന പുതിയൊരു ആപ്പിലൂടെ ഈ വീഡിയോ അയച്ചുകഴിഞ്ഞാൽ അത് നേരെ മോട്ടോർ വാഹന വകുപ്പിന് ലഭിക്കും. നിയമ ലംഘനം ഉണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം നടപടിയെടുക്കും.

നോ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്യുക, രണ്ട് ബസുകൾ സമാന്തരമായി നിർത്തുക തുടങ്ങി എന്ത് തെറ്റായാലും ആപ്പിൽ അപ്‌ലോഡ് ചെയ്‌താൽ അവരുടെ വീടുകളിൽ വലിയ തുക പെറ്റി അടയ്‌ക്കാനുള്ള നോട്ടീസ് വരും. സ്വയം തെറ്റ് ചെയ്യില്ല, ബാക്കിയുള്ളവർ ചെയ്‌താൽ അത് ഉദ്യോഗസ്ഥരെ അറിയിക്കും എന്ന് നിങ്ങൾ സ്വയം തീരുമാനിക്കുക. പല അപകടങ്ങളും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. തെറ്റായി റോഡുകളിൽ പാർക്ക് ചെയ്യുന്നതിലൂടെ എത്ര അപകടങ്ങളാണ് ഉണ്ടാകുന്നത്.

മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ലോകത്തെ തന്നെ ഏറ്റവും മികച്ച മെഷീൻ റോഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഉടൻ തന്നെ വാങ്ങും. സംശയം തോന്നുന്നവരെ പരിശോധിക്കും. പ്രത്യേകിച്ച് പ്രൈവറ്റ് ബസ് ഡ്രൈവർമാരെ. നിങ്ങൾ ഉപയോഗിച്ച മയക്കുമരുന്ന് ഏതാണെന്ന് വരെ ഈ മെഷീൻ കണ്ടെത്തി പറയും. ശിക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും പ്രതീക്ഷിക്കേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here