വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

0
135

ദില്ലി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവിൻ്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ജസ്റ്റിസ് നാഗരത്‌നയും ജസ്റ്റിസ് മസിഹും വെവ്വേറെയാണ് വിധി പുറപ്പെടുവിച്ചത്.

ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും കോടതി പറഞ്ഞു. ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റ് വഴികളിലും തങ്ങളെ ആശ്രയിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ചില ഭർത്താക്കന്മാർ ബോധവാന്മാരല്ല. ഇന്ത്യൻ പുരുഷൻ ഒരു വീട്ടമ്മയുടെ പങ്കും ത്യാ​ഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. 

മുൻ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. സെക്ഷൻ 125 സിആർപിസി പ്രകാരം ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാൽ, അവർക്ക് മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം 2019-നെ ആശ്രയിക്കാമെന്നും കോടതി വിധിച്ചു. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, സെക്ഷൻ 125 CrPC എല്ലാ സ്ത്രീകൾക്കും ബാധകമാകുമെന്ന നിഗമനത്തോടെയൊണ് ഹർജി തള്ളിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here