ശാസ്ത്രിക്ക് 9.5 കോടി, ദ്രാവിഡിന് 12 കോടി; എത്രയാകും ഗംഭീറിന്റെ പ്രതിഫലം?

0
111

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിതനായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ലോകകപ്പ് ജേതാവുകൂടിയായ ഗംഭീറിന്റെ നിയമനം. ചൊവ്വാഴ്ച വൈകീട്ട് സമൂഹമാധ്യമമായ എക്സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.

മൂന്നരവര്‍ഷത്തേക്കാണ് നിയമനം. 2027-ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും ഗംഭീറിന്റെ ചുമതല. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞാണ് ഗംഭീല്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം മുതലാകും 42-കാരനായ ഗംഭീറിന്റെ ചുമതല ആരംഭിക്കുക.

ടി20 ലോകകപ്പിനു പിന്നാലെ തന്നെ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചിരുന്നു. ഗംഭീര്‍ തന്നെയാകും അദ്ദേഹത്തിന് പകരം എത്തുക എന്നത് ഏതാണ്ട് ഉറപ്പും ആയിരുന്നു. എന്നിട്ടും പുതിയ കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ബിസിസിഐ കാലതാമസം എടുത്തത് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗംഭീറുമായി നടത്തിയ ചര്‍ച്ചകള്‍ തീരുമാനമാകാത്തതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ പരിശീലകനായിരിക്കെ കരാര്‍ അടിസ്ഥാനത്തില്‍ 12 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ദ്രാവിഡിന് ബിസിസിഐ നല്‍കിയിരുന്നത്. 2021 ടി20 ലോകകപ്പിനു പിന്നാലെയാണ് ദ്രാവിഡ് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഗംഭീറിന് ഇതിലും ഉയര്‍ന്ന തുക ലഭിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

2017-ല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം 9.5 കോടി രൂപയായിരുന്നു. പിന്നീട് ദ്രാവിഡിലേക്കെത്തിയപ്പോള്‍ രണ്ടരക്കോടിയുടെ വര്‍ധനവാണ് ബോര്‍ഡ് പരിശീലകന്റെ പ്രതിഫലക്കാര്യത്തില്‍ വരുത്തിയത്. ശാസ്ത്രിക്ക് മുമ്പ് ടീമിന്റെ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയ്ക്ക് ലഭിച്ച വാര്‍ഷിക പ്രതിഫലം 6.5 – 8 കോടിക്കും ഇടയിലായിരുന്നു. അതിനാല്‍ തന്നെ ഗംഭീറിന് 12.5 കോടിക്കും 15 കോടിക്കും ഇടയിലാകും പ്രതിഫലം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here