തലപ്പാടി– ചെങ്കള റീച്ചിൽ 76 ശതമാനം പണി തീർന്നു

0
133

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള റോഡ് പണി മഴയായതിനാൽ താത്കാലികമായി നിർത്തി. ചെളിവെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതും ടാറിങ് ഇളകിപ്പോകുന്നതുമെല്ലാം പണിയെ മന്ദഗതിയിലാക്കിയിരുന്നു. മഴ കനത്തതോടെ പണി നിർത്തി. അതേസമയം പാലം പണിയും റോഡിന്റെ അനുബന്ധ പ്രവൃത്തികളും പുരോഗമിക്കുന്നു.

ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഭാഗത്ത് 76 ശതമാനം പണി പൂർത്തിയായി. 26 കിലോമീറ്റർ റോഡ് നിർമാണത്തിലെ അന്തിമഘട്ടപണിയും കഴിഞ്ഞു. 90 ശതമാനം സർവീസ് റോഡും പൂർത്തിയായി. ഉപ്പള, ഷിറിയ, പൊസോട്ട്, എരിയാൽ, മഞ്ചേശ്വരം പാലങ്ങളുടെ പണിയും പൂർത്തിയായി.

കുമ്പള, മൊഗ്രാൽ, മംഗൽപ്പാടി പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. തലപ്പാടി മുതൽ ചെങ്കള വരെ 39 കിലോമീറ്റർ കരാർ ഏറ്റെടുത്തത് ഊരാളുങ്കൽ സൊസൈറ്റിയാണ്. 1704 കോടി രൂപയാണ് അടങ്കൽ. ഈ റീച്ചിൽ മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള പാലങ്ങൾക്കു പുറമെ കാസർകോട് ടൗണിലെയും ഉപ്പളയിലെയും മേൽപ്പാലവും 17 അടിപ്പാതകളുമുണ്ട്.

ചെങ്കളയിൽനിന്ന്‌ നീലേശ്വരം വരെ നീളുന്ന 37 കിലോമീറ്ററാണ് രണ്ടാം റീച്ച്. തെക്കിലിലും ബേവിഞ്ചയിലും തുടരെ മണ്ണിടിയുന്നതാണ് ഈ റീച്ചിലെ എറ്റവും വലിയ പ്രശ്നം. ചാലിങ്കാൽ ഉൾപ്പെടെയുള്ള മറ്റു ഭാഗങ്ങളിലും നേരിയ തോതിൽ റോഡരികുകളിലെ മണ്ണിടിഞ്ഞു. ഈ റീച്ചിൽ 60 ശതമാനം പണി പൂർത്തിയായി.

തെക്കിൽപ്പാലത്തിന്റെ നിർമാണം 90 ശതമാനവും നീലേശ്വരം പാലത്തിന്റെ നിർമാണം 70 ശതമാനവും പൂർത്തിയായി.

LEAVE A REPLY

Please enter your comment!
Please enter your name here