കല്‍പറ്റ/മലപ്പുറം: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ മാത്രം 54 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന് ഇതുവരെ 17 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫിന്റെ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. എയര്‍ലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല.
ദുരന്തവുമായി ബന്ധപ്പെട്ട മൊത്തം ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി(എ.എസ്.ഡി) ആയ കാര്‍ത്തികേയന്‍ ഐ.എ.എസിനെ ഏല്‍പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി. സാംബശിവ റാവു ഐ.എ.എസ് വയനാട്ടില്‍ ക്യാംപ് ചെയ്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിക്കും. സ്പെഷ്യല്‍ ഓഫിസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.
അതിനിടെ, ഉരുള്‍പൊട്ടലില്‍ ദുരന്തമേഖലയില്‍നിന്ന് 80ലേറെ പേരെ രക്ഷിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ ദേവകിയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങള്‍ മേപ്പാടി പി.എച്ച്.സിയിലാണുള്ളതെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പരിക്കേറ്റവരെ വിംസ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. രാവിലെ എട്ടരയോടെ എന്‍.ഡി.ആര്‍.എഫിന്റെ രക്ഷാസംഘം സുല്‍ത്താന്‍ ബത്തേരിയിലെത്തി. ഹെലികോപ്ടര്‍ മാര്‍ഗമാണു സംഘം എത്തിയത്. കല്‍പറ്റയില്‍ വെള്ളം കയറിയതുകൊണ്ടാണ് ബത്തേരിയില്‍ ഇറങ്ങിയതെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.