കോഴിക്കോട്: 10 വര്‍ഷത്തിനിടെ മലബാറിലെ ഏഴുജില്ലകളിലായി ആത്മഹത്യചെയ്തത് 44 പോലീസുകാര്‍. മറ്റുപ്രശ്‌നങ്ങള്‍ക്കൊപ്പം തൊഴിലിടത്തെ മാനസികസംഘര്‍ഷവും കാരണമായി കണ്ടെത്തി. ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കണക്കാണിത്.
കൂടുതല്‍ കാസര്‍കോട്ട്
ആറുപോലീസുകാരാണ് കാസര്‍കോട് ജില്ലയില്‍ ആത്മഹത്യചെയ്തത്. കോഴിക്കോട് സിറ്റി, തൃശ്ശൂര്‍ റൂറല്‍, മലപ്പുറം, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ അഞ്ചുപേര്‍വീതവും ആത്മഹത്യചെയ്തു. കണ്ണൂര്‍ സിറ്റി, വയനാട് എന്നിവിടങ്ങളില്‍ നാലുപേര്‍വീതവും കണ്ണൂര്‍ റൂറല്‍, കോഴിക്കോട് റൂറല്‍, പാലക്കാട് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും മരിച്ചു. ഒരാള്‍ പോലീസിന്റെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ അംഗമാണ്.
പരിഹാരം ജീവിതം ചിട്ടപ്പെടുത്തല്‍
പോലീസ് ജോലിയുടെ പ്രത്യേകത സ്വന്തംകുടുംബത്തെപോലെത്തന്നെ നാട്ടുകാരെയും നോക്കണമെന്നതാണ്. അതിനാല്‍, ശാരീരിക-മാനസിക ആരോഗ്യം പ്രധാനമാണ്. യോഗ, മെഡിറ്റേഷന്‍, വ്യായാമം എന്നിവയ്ക്ക് കുറഞ്ഞത് ദിവസവും 45 മിനിറ്റ് സമയംകണ്ടെത്തണം- രാജ്പാല്‍ മീണ, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍.