ലോറി അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് പോലീസ്, ലോറി 15 മീറ്റര്‍ താഴ്ചയില്‍

0
223

ബെംഗളൂരു/കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്ക് പുറപ്പെട്ടത്. വലിയ സംഘം ഇന്ന് ആദ്യമായാണ് പോകുന്നത്.

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഗംഗാവലി നദിയിൽ നിന്ന് കഴിഞ്ഞ ദിവസം റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സിഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് നദിയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. എക്സവേറ്റർ ഉപയോഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചിൽ നടത്താൻ സാധിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു. ജൂലൈ 8ന് ആണ് അർജുൻ ലോറിയിൽ പോയത്. ജൂലായ് 16 ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്.
കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ അതിജീവിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒരുടുവാണ് ഇപ്പോള്‍ അര്‍ജുന്‍റെ ലോറി കണ്ടെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here