ഉപ്പളയിൽ കടലേറ്റ ഭീതി ഒഴിയുന്നില്ല

0
86

മഞ്ചേശ്വരം: ഉപ്പള മൂസോടി മുതൽ ഷിറിയ വരെ കടലേറ്റം ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിൽ കടൽ മീറ്ററുകളോളം കരയിലേക്ക് ഇരച്ചുകയറി. ഹനുമാൻനഗർ ഐലക്ക് സമീപം മത്സ്യത്തൊഴിലാളികൾ വിശ്രമിക്കുകയും വലകളുൾപ്പെടെ സൂക്ഷിക്കുകയും ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടം കടലേറ്റത്തിൽ അപകടാവസ്ഥയിലായി. മുൻഭാഗത്തെ പടികൾ തകർന്നു. കെട്ടിടത്തിന്റെ അടിഭാഗം ഇളകിയനിലയിലാണ്. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുതൽ ഐല ബീച്ച് വരെ കടലിന് കുറുകെ നിശ്ചിത അകലത്തിൽ കരിങ്കല്ലുകൾ പാകിയിട്ടുണ്ട്. കടലേറ്റം തടയാനായി ഒരുക്കിയ ഇതിന്റെ തെക്കുഭാഗത്താണ് ഇപ്പോൾ കടലേറ്റം ശക്തമായിരിക്കുന്നത്. ഐലക്ക് സമീപം കടലിലേക്ക് കരിങ്കല്ലുകൾ പാകിയതിന്റെ പിറകുവശത്തെ കരഭാഗം കടലെടുത്തതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ നിരവധി കാറ്റാടിമരങ്ങളും കടപുഴകി. കാറ്റാടിമരം വീടിന് മുകളിൽവീണ് ഹനുമാൻനഗറിലെ പുഷ്പലതയുടെ വീടിന് കേട്പാട് പറ്റി. കാറ്റും മഴയും കനത്തതോടെ നാട്ടുകാർ ഭീതിയിലാണ്.

എട്ട് മാസം മുൻപ് തുറന്ന റോഡ് തകർന്നു

: അപകടാവസ്ഥയിലായ മണിമുണ്ട-പെരിങ്കടി തീരദേശറോഡ് പൂർണമായും തകർന്നു. നാല് വർഷംമുൻപ് കടലേറ്റത്തിൽ തകർന്ന് യാത്ര ദുഷ്കരമായ ടാറിങ് റോഡ് പുതുക്കിപ്പണിത് തുറന്നത് എട്ട് മാസം മുൻപായിരുന്നു. അരികുകളിൽ കരിങ്കല്ല് പാകി മണ്ണിട്ട് ഉയർത്തി നിർമിച്ച കോൺക്രീറ്റ് റോഡാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റത്തിൽ തകർന്നത്. രണ്ടുദിവസമായി അടിഭാഗത്തെ മണ്ണ് ഇളകിയനിലയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം റോഡിന്റെ മേൽഭാഗവും തകരുകയായിരുന്നു. ഇതോടെ തിരദേശത്ത് യാത്രയും ദുഷ്കരമായിരിക്കുകയാണ്.

റോഡ് അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മംഗൽപാടി മുൻ പഞ്ചായത്ത് അംഗം അസീം മണിമുണ്ടയുടെ നേതൃത്വത്തിൽ നാട്ടുകാർ കളക്ടർ കെ. ഇമ്പശേഖറിനെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ തുറമുഖവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു.

അനാസ്ഥ അവസാനിപ്പിക്കണം

: അധികൃതർ തീരദേശത്തോട് കാട്ടുന്ന അനാസ്ഥയാണ് ഇപ്പോളനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം. പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം എത്തും. പിന്നെ തിരിഞ്ഞുനോക്കുന്നില്ല. എല്ലാ മഴക്കാലത്തും ഞങ്ങളിത് പറയുന്നു. പക്ഷേ, ശാശ്വതമായ പരിഹാരം കാണുന്നില്ല.

-എസ്. മനോജ്, മത്സ്യത്തൊഴിലാളി.

എങ്ങനെ കിടന്നുറങ്ങും

: മഴക്കാലം തുടങ്ങുമ്പോൾ നെഞ്ചിൽ തീയ്യാണ്. ഉണ്ടായ സ്ഥലത്തിന്റെ പാതിയും കടലെടുത്തു. വീടും ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. വേറെ എങ്ങോട്ടും പോകാനിടമില്ല. എന്തുചെയ്യണമെന്നറിയില്ല. അധികാരികൾ കനിയണം.

-ഇന്ദിര, വീട്ടമ്മ, ഹനുമാൻനഗർ.

LEAVE A REPLY

Please enter your comment!
Please enter your name here