കുവൈത്ത് ദുരന്തം: മരണസംഖ്യ ഉയരുന്നു; മരിച്ചത് 24 മലയാളികളെന്ന് സ്ഥിരീകരിച്ച് നോർക്ക

0
266

കുവൈത്ത് സിറ്റി: കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്.

മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here