കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി നല്‍കാന്‍ തയ്യാറെന്ന് ഗായകന്‍ വിശാല്‍ ദദ്‍ലാനി

0
68

ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്‍ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‍ലാനി. താന്‍ ഒരിക്കലും ഹിംസയെ പിന്തുണച്ചിട്ടുള്ള ആളല്ലെന്നും പക്ഷേ ഈ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്‍റെ കാരണം ശരിക്കും മനസിലാവുന്നുണ്ടെന്നും വിശാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. “സിഐഎസ്എഫ് അവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുന്നപക്ഷം അവര്‍ക്കായി ഒരു ജോലി കാത്തിരിക്കുന്നുണ്ടാവുമെന്നത് ഞാന്‍ ഉറപ്പാക്കും. ജയ് ഹിന്ദി, ജയ് ജവാന്‍, ജയ് കിസാന്‍”, വിശാല്‍ ദദ്‍ലാനിയുടെ കുറിപ്പ്.

ചണ്ഡി​ഗഡ് വിമാനത്താവളത്തില്‍ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറില്‍ നിന്ന് കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റത്. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ കങ്കണ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് കുല്‍വീന്ദര്‍ കൗര്‍ പ്രതികരിച്ചിരുന്നു. നൂറ് രൂപയ്ക്ക് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ മുന്‍ പരാമര്‍ശം. തന്‍റെ അമ്മയും കര്‍ഷകര്‍ക്കൊപ്പം സമരം ചെയ്തിരുന്നതായും കുല്‍വീന്ദര്‍ പറഞ്ഞിരുന്നു.

അതേസമയം കുല്‍വീന്ദര്‍ കൗറിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൊഹാലി പൊലീസ് ആണ് കുല്‍വീന്ദറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അതിനാൽ തന്നെ കുൽവീന്ദറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസ് എടുക്കൂവെന്ന് പഞ്ചാബ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉദ്യോ​ഗസ്ഥയെ അന്വേഷണ വിധേയമായി സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്ത് എത്തി. പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പ്രതികരിച്ചിരുന്നു. കുൽവീന്ദർ കൗറിനെ പിന്തുണച്ചും കങ്കണയെ വിമർശിച്ചും കർഷക സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഗുസ്തി താരം ബജ്രംഗ് പൂനിയയും കുൽവീന്ദര്‍ കൗറിനെ പിന്തുണച്ചു. കപൂർത്തല സ്വദേശിയായ കുൽവീന്ദർ കൌർ 2008 ബാച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ്. ഇവരുടെ സഹോദരൻ കിസാൻ മോർച്ച നേതാവ് കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here