കൊച്ചി: അലക്ഷ്യമായി മൊബൈലില്‍ കണ്ണുംനട്ട് ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ സൂക്ഷിക്കണം. അവരെ നോട്ടമിട്ട് മൊബൈല്‍ കള്ളന്മാരുണ്ട്. വാതില്‍പ്പടിയില്‍ ഇരുന്ന് മൊബൈല്‍ നോക്കുന്നവരാണ് ഇവരുടെ പ്രധാന ഉന്നം.
സ്റ്റേഷനുകള്‍ക്കടുത്ത് ട്രെയിനുകള്‍ക്ക് വേഗം കുറയുമ്പോള്‍ വടികൊണ്ട് മൊബൈല്‍ തട്ടിയിടുന്നതാണ് രീതി. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍വെച്ച് ഉറങ്ങുന്നവരെയും നോട്ടമിടും.
ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥനില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ച കേസില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ നാലുപേരെ കഴിഞ്ഞദിവസം റെയില്‍വേ ക്രൈം ഇന്‍ന്റലിജന്‍സ് ബ്രാഞ്ച് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മൊബൈല്‍ കള്ളന്മാരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ഈ കേസിന്റെ അന്വേഷണത്തിനായി ആര്‍.പി.എഫ്. പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിപിന്‍ എ. ജെ. (ഇന്‍സ്‌പെക്ടര്‍, ക്രൈം ഇന്റലിജന്‍സ്, തിരുവനന്തപുരം), ബിനോയ് ആന്റണി (ഇന്‍സ്‌പെക്ടര്‍ ആര്‍.പി.എഫ്., എറണാകുളം), സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രയ്‌സ് മാത്യു, ഫിലിപ്‌സ് ജോണ്‍, സിജോ സേവിയര്‍, ബിജു എബ്രഹാം, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ജോസ്, വിപിന്‍ ജി., അരുണ്‍ ബാബു, അജയഘോഷ്, പി. അജി എന്നിവരാണ് പ്രതികളെ പിടികൂടിയത്.