ടിക്കറ്റില്ലാ ട്രെയിൻ യാത്ര ഇനി നടക്കില്ല; കീശ കീറും പിഴയുമായി റെയിൽവേ

0
139

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നീങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും നടപടികൾ സ്വീകരിക്കാനും റെയിൽവേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേ ഇത്തരത്തിൽ പിഴയായി ഈടാക്കിയിട്ടുള്ളത് ഏഴരക്കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.

ദിവസേന 25 ലക്ഷം രൂപയോളം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും പിഴയായി ഈടാക്കുന്നുണ്ട് എന്ന് വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. ട്രെയിൻ യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നതോടെയാണ് റെയിൽവേ കർശന നടപടികളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മെയ് മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേയുടെ കർശന പരിശോധനയിൽ 1,80,900 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായിട്ടുണ്ട്.

ഈസ്റ്റേൺ റെയിൽവേ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മാസത്തെ പിഴ ശേഖരം 7,57,30,000 രൂപയാണ്. ഈസ്റ്റേൺ റെയിൽവേയുടെ നാല് ഡിവിഷനുകളിലെ പിഴ വിവരഹ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൗറ ഡിവിഷനിൽ നിന്നുമാണ് കൂടുതൽ പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. 2,43,90,000 രൂപയാണ് ഹൗറ ഡിവിഷനിൽ നിന്നും മാത്രം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴയായി ഈടാക്കിയത്. സീൽദാ ഡിവിഷനിൽ നിന്നും 1,77,00,000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.

റെയിൽ യാത്ര ഏറ്റവും ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാമാർഗമായി തുടരുകയാണെന്ന് ഈസ്റ്റേൺ റെയിൽവേയുടെ സിപിആർഒ കൗശിക് മിത്ര പറഞ്ഞു. റോഡിലൂടെ യാത്ര ചെയ്താൽ കുറഞ്ഞത് 6-7 മടങ്ങ് കൂടുതൽ പണം നൽകേണ്ടിവരുമെന്ന കാര്യം യാത്രക്കാരോട് ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയാണെും അദ്ദേഹം പറഞ്ഞു.  ഹൗറയ്ക്കും ശ്രീരാംപൂരിനുമിടയിലുള്ള 20 കിലോമീറ്റർ യാത്രയുടെ കാര്യം ഇതിന് ഉദാഹരണമായി മിത്ര വിശദീകരിച്ചു. ഈ റൂട്ടിൽ സബർബൻ ട്രെയിൻ നിരക്ക് വെറും അഞ്ച് രൂപയാണെന്നും യാത്രാ സമയം കഷ്‍ടിച്ച് 30 മിനിറ്റാണെന്നും ബസ് യാത്രയ്ക്ക് ഏകദേശം 40 രൂപയും ഒരു മണിക്കൂറിലധികം സമയമെടുക്കുമെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here