വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറന്നു; ആദ്യ ഫല സൂചന ഒമ്പതോടെ

0
151

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറന്നു. രാവിലെ അഞ്ചരയോടെ റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂമുകൾ തുറന്നത്.

ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെയാണ് ലോക്ക് തുറന്നത്. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ വോട്ടുകളുമാണ് ആദ്യം എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാൻ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു തവണ പരിശീലനം നല്‍കിയിട്ടുണ്ട്. സാധാരണ പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. പിഴവ് ഒഴിവാക്കാനാണ് കൂടുതല്‍ തവണ പരിശീലനം നല്‍കിയത്. വോട്ടെണ്ണലിന്‍റെ തത്സമയ വിവരങ്ങൾ മീഡിയ റൂമുകൾ വഴി ലഭിക്കും.

അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മുദ്ര പൊട്ടിക്കുക. ആദ്യ ഫലസൂചന രാവിലെ ഒമ്പതോടെ ലഭിക്കും. ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കും. അതു കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൽറ്റ് റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തൂ.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തെരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണു കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാവും അന്തിമവിധി പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here