ന്യൂഡൽഹി: ന്യൂനപക്ഷ സമുദായങ്ങളെ പൂർണമായും ഭരണപക്ഷത്തുനിന്ന് തുടച്ചുനീക്കിയും സവർണ ജാതി മേധാവിത്വം ശക്തമാക്കിയും നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ അധികാരത്തിലേക്ക്. മുസ്‌ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി 18-ാം ലോക്‌സഭയിലില്ല.
എൻ.ഡി.എ എം.പിമാരിൽ 33.2 ശതമാനവും ഉയർന്ന ജാതിക്കാരാണ്. 14.7 ശതമാനം ബ്രാഹ്മണർ, 8.7 ശതമാനം രജ്പുത്ര സമുദായം, 9.8 ശതമാനം മറ്റു ഉന്നത ജാതിക്കാർ എന്നിങ്ങനെയാണ് കണക്ക്. 15.7 ശതമാനം എം.പിമാർ മറാത്ത, ജാട്ട്, ലിംഗായത്ത്, പട്ടീദാർ, റെഡ്ഢി, വൊക്കലിഗ തുടങ്ങിയ സമുദായങ്ങളിൽനിന്നുള്ളവരാണ്. യാദവ, കുർമി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് 26.2 ശതമാനം എം.പിമാരുണ്ട്. എസ്.സി വിഭാഗത്തിൽനിന്ന് 13.3 ശതമാനവും എസ്.ടി വിഭാഗത്തിൽനിന്ന് 10.8 ശതമാനവുമാണ് പ്രാതിനിധ്യം.
Over 200 million Muslims, 23 million Sikhs & 22 million Christians in India and yet NDA has zero representation in Lok Sabha
Modi Ke Saath Sabh Ka Vinaash pic.twitter.com/sd50QFifur— Mahua Moitra (@MahuaMoitra) June 8, 2024
മുസ്‌ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് സ്ഥാനാർഥിത്വം നൽകാൻ ഇൻഡ്യാ സഖ്യവും പിശുക്ക് കാണിച്ചതിനാൽ പ്രതിപക്ഷത്തും ന്യൂനപക്ഷ പ്രാതിനിധ്യം തുച്ഛമാണ്. മുസ്‌ലിം (7.9%), ക്രൈസ്തവർ (3.5%), സിഖ് (5.0%) എന്നിങ്ങനെയാണ് ഇൻഡ്യാ മുന്നണി എം.പിമാരുടെ കണക്ക്. ദലിത് സമൂഹത്തിൽനിന്നുള്ള സ്ഥാനാർഥി ജനറൽ മണ്ഡലമായ അയോധ്യയിൽനിന്ന് വിജയിച്ചതുപോലുള്ള സംഭവങ്ങളൊഴിച്ചുനിർത്തിയാൽ എസ്.സി, എസ്.ടി സമൂഹങ്ങളിൽനിന്നുള്ള നേതാക്കൾക്ക് കേരളത്തിലടക്കം സംവരണ മണ്ഡലങ്ങളിൽ മാത്രമാണ്.
ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതാക്കിയതിൽ എൻ.ഡി.എക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തി. 200 മില്യൻ മുസ് ലിംകളും 23 മില്യൻ സിഖുകാരും 22 മില്യൻ ക്രിസ്ത്യാനികളും ഉള്ള രാജ്യത്ത് ഈ സമുദായങ്ങൾക്ക് എൻ.ഡി.എയിൽ പ്രാതിനിധ്യം പൂജ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ‘മോദി കെ സാത്ത് സബ് കാ വിനാശ്’ ആണെന്ന് മഹുവ പരിഹസിച്ചു.