‘പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി കുറ്റിയിട്ടു, വസ്ത്രത്തിനുള്ളിൽ കൈകടത്തി’; യെദ്യൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ നിർണായക വിവരങ്ങൾ പുറത്ത്

0
191

കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബിഎസ്‌ യെദ്യൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 81കാരനായ യെദ്യൂരപ്പയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇരയായ പെൺകുട്ടിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യങ്ങളിലുള്ള കാര്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

യെദ്യൂരപ്പയുടെ ഡോളേഴ്‌സ് കോളനിയിലെ വീട്ടിലെ മീറ്റിങ് റൂമിൽ കൊണ്ടുപോയി 17 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പരാതിയിൽ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്തെന്നു അന്വേഷണത്തിൽ വ്യക്തമായതായി സിഐഡി കുറ്റപത്രത്തില്‍ പറയുന്നു. പെൺകുട്ടി വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ പണം വെച്ച് നൽകി യെദ്യൂരപ്പ പുറത്തേക്കിറങ്ങുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 2ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ കാര്യങ്ങൾ കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെയാണ്; രാവിലെ 11.15ഓടെ 17കാരിയും അമ്മയും യെദ്യൂരപ്പയെ ഡോളേഴ്‌സ് കോളനിയിലെ വീട്ടിലെത്തി കാണുന്നു. 2015ൽ മകളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നുള്ള കേസിൽ വർഷങ്ങളോളം നീതി ലഭിക്കാത്തതിനെ തുടർന്നാണ് ഇരുവരും യെദ്യൂരപ്പയെ സമീപിച്ചത്.

അമ്മയുമായി സംസാരിക്കുന്ന വേളയിൽ യെദ്യൂരപ്പ ഇടതു കൈകൊണ്ട് പെൺകുട്ടിയുടെ വലതു കൈത്തണ്ടയിൽ പിടിച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. തുടർന്ന് കുട്ടിയെ ഹാളിനോട് ചേർന്നുള്ള മുറിയിലേക്ക് കൂട്ടികൊണ്ടുപോയി അകത്ത് നിന്ന് കുറ്റിയിട്ടു. പണ്ട് ആക്രമിച്ചവരെ കണ്ടാൽ ഓർമ്മയുണ്ടാകുമോ എന്ന് പെൺകുട്ടിയോട് ചോദിച്ചു. ഓർമയുണ്ട് എന്നവൾ രണ്ടുതവണ പറഞ്ഞു.

തുടർന്ന് യെദ്യൂരപ്പ പെൺകുട്ടിയോട് അവളുടെ പ്രായം ചോദിക്കുകയും മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. തുടർന്ന് പെൺകുട്ടി യെദ്യൂരപ്പയുടെ കൈ തട്ടി മാറ്റി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ യെദ്യൂരപ്പ തൻ്റെ പോക്കറ്റിൽ നിന്ന് കുറച്ച് പണം എടുത്ത് അവളുടെ കൈയിൽ വച്ചു. ശേഷം പുറത്തേക്ക് വന്ന യെദ്യൂരപ്പ പെൺകുട്ടിയുടെ അമ്മയോട് അവരെ സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കുറച്ച് പണം നൽകി അവരെ പറഞ്ഞയച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

പിന്നാലെ ഫെബ്രുവരി 20 ന് പെൺകുട്ടിയുടെ അമ്മ ഫെയ്‌സ്ബുക്കിൽ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു, അതിൽ ഡോളർ കോളനിയിലെ വീട്ടിൽ അവർ യെദ്യൂരപ്പയോട് സംസാരിക്കുന്നതാണുള്ളത്. ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വീഡിയോയിലെ സംഭാഷണങ്ങൾ ഇങ്ങനെയാണ്;

“അപ്പാജി (കന്നഡയിൽ പ്രിയപ്പെട്ട പദം), നിങ്ങൾ എന്താണ് ചെയ്തത്? അവളെ മുറിയിലേക്ക് കൊണ്ടുപോയതിന് ശേഷം എന്ത് ചെയ്തു?” അമ്മ യെദ്യൂരപ്പയോട് ചോദിക്കുന്നു.

“ഞാൻ എന്ത് ചെയ്തു?” മറുപടിയായി യെദ്യൂരപ്പ പറയുന്നു.

“നിങ്ങൾ അവളെ കൊണ്ടുപോയി, അവളുടെ ബ്ലൗസിനുള്ളിൽ കൈ വെച്ചു,” ആ സ്ത്രീ പറയുന്നു.

“അവൾ എൻ്റെ കൊച്ചുമകളെ പോലെയാണ്,” യെദ്യൂരപ്പ പറഞ്ഞു.

എന്തിനാണ് അങ്ങനെ ചെയ്തതെന്ന് യുവതി വീണ്ടും ചോദിക്കുന്നു, തുടർന്ന് യെദ്യൂരപ്പ അവളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു, അവളുടെ കൈപിടിച്ച് പറഞ്ഞു “അവൾ ഒരു നല്ല പെൺകുട്ടിയാണ്. അവളെ നന്നായി വളർത്തുക, സാധ്യമായ എല്ലാ വഴികളിലും ഞാൻ സഹായിക്കും”.

പെൺകുട്ടിയുടെ അമ്മ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഈ വീഡിയോ പിൻവലിക്കണമെന്ന കേസിലെ മറ്റു പ്രതികളായ യെദ്യൂരപ്പയുടെ പിഎ അരുൺ വൈഎം, രുദ്രേഷ് (ബിജെപി നേതാവ്), മാരിസ്വാമി (യെദ്യുരപ്പയുടെ ബന്ധു) എന്നിവർ പെൺകുട്ടിയുടെ വീട്ടിലെത്തി ആവശ്യപ്പെട്ടു. ഇതിനായി പെൺകുട്ടിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

തൻ്റെ മകൾ എങ്ങനെയാണ് ആവർത്തിച്ച് ചൂഷണം ചെയ്യപ്പെട്ടതെന്ന് വിശദീകരിക്കുന്ന സ്ത്രീ തനിക്ക് ഭീഷണിയായി ലഭിച്ച “54,000 കോൾ റെക്കോർഡുകൾ” ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മേയ് മാസം മരണപ്പെട്ടിരുന്നു.

കർണാടക സിഐഡി വിഭാഗം സമർപ്പിച്ച 750 പേജുള്ള കുറ്റപത്രത്തിൽ യെദ്യൂരപ്പ ഉൾപ്പടെ നാലു പ്രതികളാണുള്ളത്. പരാതിയിൽ പറയുന്ന കുറ്റകൃത്യം ചെയ്യുകയും അത് മറച്ചു വെക്കാൻ യെദ്യൂരപ്പ ശ്രമം നടത്തുകയും ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിചാരണകോടതിയായ ബെംഗളൂരു അതിവേഗ കോടതി മുൻപാകെ വ്യാഴാഴ്ച വൈകിട്ടാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

എണ്‍പത്തിയൊന്നുകാരനായ യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ നിയമത്തിലെ 8, 354 എ ,ഐപിസി 204, 214 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റു പ്രതികളായ യെദ്യൂരപ്പയുടെ പിഎ അരുൺ വൈഎം, രുദ്രേഷ് (ബിജെപി നേതാവ്), മാരിസ്വാമി (യെദ്യുരപ്പയുടെ ബന്ധു) എന്നിവർക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടില്ല.

കേസുമായി ബന്ധപ്പെട്ടു 73 സാക്ഷി മൊഴികൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്. പെൺകുട്ടി മജിസ്‌ട്രേറ്റിനു മുൻപാകെ നൽകിയ രഹസ്യ മൊഴി കേസിൽ നിർണായകമാണ്. കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ ശബ്ദ സാമ്പിളുകൾ നേരത്തെ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അമ്മയും മകളും യെദ്യൂരപ്പയെ സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭാഷണം റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് പരാതിയോടൊപ്പം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ആധികാരികത പരിശോധിക്കാനായിരുന്നു ശബ്ദ സാമ്പിൾ ശേഖരിച്ചത്. ക്ലിപ്പിലെ ശബ്ദവുമായി യെദ്യൂരപ്പയുടെ ശബ്ദം യോജിച്ചതായുള്ള ശാസ്ത്രീയ പരിശോധന ഫലവും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here