ടി20 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ മറികടന്ന് ദക്ഷിണാഫ്രിക്ക കന്നി ഫൈനലിലേക്ക്

0
442

ട്രിനിഡാഡ്: പുലി പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ കാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയില്‍ നേരിട്ടത് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56ന് എല്ലാവരും പുറത്തായി. 10 റണ്‍സ് നേടിയ ഒമര്‍സായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍കോ ജാന്‍സനും ടബ്രൈസ് ഷംസിയും കൂടി അഫ്ഗാനെ ഒന്നും പിടയാന്‍ പോലും സമ്മതിച്ചില്ല. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ആദ്യമായി ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക്.

ക്വിന്റണ്‍ ഡി കോക്കിന്റെ (5) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാം വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്‌സ് (29), എയ്ഡന്‍ മാര്‍ക്രം (23) സഖ്യം ദക്ഷിണാഫ്രിക്കയെ വിജത്തിലേക്ക് നയിച്ചു. നേരത്തെ, പരിതാപകരമായിരുന്നു അഫ്ഗാന്റെ തുടക്കം. 28 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. റഹ്‌മാനുള്ള ഗുര്‍ബാസ് (0), ഇബ്രാഹിം സദ്രാന്‍ (2), ഗുല്‍ബാദിന്‍ നെയ്ബ് (9), അസ്മതുള്ള (10), മുഹമ്മദ് നബി (0), നങ്കെയാലിയ ഖരോതെ (2) എന്നിവര്‍ പാടെ നിരാശപ്പെടുത്തി.

കരീം ജനാത് – റാഷിദ് ഖാന്‍ സഖ്യം പിടിച്ചുനില്‍ക്കാനുള്ള ചെറിയ ശ്രമം നടത്തി. 22 റണ്‍സ് ഇരുവരും കൂട്ടിചേര്‍ത്തു. ഇതുതന്നെയായിരുന്നു അഫ്ഗാന്‍ ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. ഇരുവരും എട്ട് റണ്‍സ് വീതമെടുത്ത് പുറത്തായി. നൂര്‍ അഹമ്മദ്, നവീന്‍ ഉല്‍ ഹഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ ഹഖ് ഫാറൂഖി (2) പുറത്താവാതെ നിന്നു. ജാന്‍സനും ഷംസിക്കും പുറമെ കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here