ഭയപ്പെടേണ്ട.. ചൊവ്വാഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും

0
266

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 ചൊവ്വാഴ്ച നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.

ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഏഴ് സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച സൈറണുകളുടെ പരീക്ഷണം നടക്കുന്നത്.പൂവാർ ഗവ. എച്ച്.എസ്.എസ്, കരിക്കകം ഗവ. സ്കൂൾ, കിഴുവില്ലം ഗവ. യുപി സ്കൂൾ, വെള്ളറട യു.പി സ്കൂൾ, കല്ലറ ഗവ. വി.എച്ച്.എസ്.എസ്, വിതുര ഗവ ഹയർ സെക്കണ്ടറി സ്കൂൾ, പൊഴിയൂർ മിനി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ജില്ലയിലെ സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here