ന്യൂഡല്‍ഹി: ടിക്കറ്റ് എടുക്കാതെയും ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് ടിക്കറ്റെടുത്ത ശേഷം സ്ലീപ്പര്‍, എ.സി കംപാര്‍ട്‌മെന്റുകളില്‍ നിരവധി പേര്‍ യാത്ര ചെയ്യുന്നുവെന്ന പരാതി കഴിഞ്ഞ കുറച്ച് ദിവസമായി വ്യാപകമാണ്. വന്ദേഭാരതില്‍ വലിയ തുക നല്‍കി ടിക്കറ്റ് എടുത്ത ശേഷം മറ്റുള്ളവര്‍ അനധികൃതമായി തിങ്ങി കയറിയത് കാരണം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സംഭവം രാജ്യമാകെ റെയില്‍വേക്ക് നാണക്കേടായി മാറിയിരുന്നു.
ഇപ്പോഴിതാ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ കുറഞ്ഞ ടിക്കറ്റ് എടുത്ത ശേഷം ഉയര്‍ന്ന ക്ലാസ് കംപാര്‍ട്‌മെന്റുകളിലേക്കോ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. സാധുവായ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമേ നിയമനടപടികള്‍ സ്വീകരിക്കാനും റെയില്‍വേ തീരുമാനിച്ചതായിട്ടാണ് വിവരം. കഴിഞ്ഞ മാസത്തില്‍ മാത്രം ഈസ്റ്റേണ്‍ റെയില്‍വേ ഇത്തരത്തില്‍ പിഴയായി ഈടാക്കിയിട്ടുള്ളത് ഏഴരക്കോടി രൂപയാണ്.
ദിവസേന 25 ലക്ഷം രൂപയോളം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴയായി ഈടാക്കുന്നുണ്ട് എന്നാണ് സൂചന. ട്രെയിന്‍ യാത്രക്കാര്‍ കൃത്യമായ ടിക്കറ്റ് ഇല്ലാതെ എസി സ്ലീപ്പര്‍ കോച്ചുകളില്‍ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നതോടെയാണ് റെയില്‍വേ കര്‍ശന നടപടികളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മെയ് മാസത്തില്‍ മാത്രം ഈസ്റ്റേണ്‍ റെയില്‍വേയുടെ കര്‍ശന പരിശോധനയില്‍ 1,80,900 പേര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായിട്ടുണ്ട്.
ഈസ്റ്റേണ്‍ റെയില്‍വേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തെ പിഴ ശേഖരം 7.57 കോടി രൂപയാണ്. ഹൗറ ഡിവിഷനില്‍ നിന്നുമാണ് കൂടുതല്‍ പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. 2.43 കോടി രൂപയാണ് ഹൗറ ഡിവിഷനില്‍ നിന്നും മാത്രം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴയായി ഈടാക്കിയത്. സീല്‍ദാ ഡിവിഷനില്‍ നിന്നും 1,77,00,000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.